
നരഭോജി കടുവയെ പിടികൂടുന്നത് വൈകുന്നതിൽ പഞ്ചാരക്കൊല്ലിയിൽ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. കാപ്പി കുരു പെറുക്കാൻ പോകവെ കടുവ കൊലപ്പെടുത്തിയ രാധയുടെ മൃതദേഹം സംസ്കരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. പഞ്ചാരക്കൊല്ലി ക്യാംപ് ഓഫീസിൽ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ തർക്കം തുടരുകയാണ്. സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
നരഭോജി കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് പഞ്ചാരക്കൊല്ലി വനം വകുപ്പ് ബേസ് ക്യാമ്പ് ഓഫീസിൽ നാട്ടുകാരുടെ ഉപരോധം ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്. പ്രായമായ സ്ത്രീകൾ ഉൾപ്പെടെ ഉപരോധ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ജില്ലാ കളക്ടർ സ്ഥലത്ത് എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൂട്ടിലകപ്പെട്ടാൽ കടുവയെ വെടിവെക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. എന്നാൽ, നിയമപരമായി അതിന് കഴിയില്ലെന്ന് സിസിഎഫ് കെ.എസ്. ദീപ പറഞ്ഞു. ഇതോടെ കെ.എസ്. ദീപയെ തടയുമെന്ന് നാട്ടുകാർ ഭീഷണി മുഴക്കി. വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുമെന്ന ഉറപ്പ് നൽകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സ്ഥലത്ത് വൻ പൊലീസ് സംഘവും നിലയുറപ്പിച്ചിട്ടുണ്ട്.
പ്രിയദർശിനി ക്യാപ് ഓഫീസിൽ നാട്ടുകാർ ഡിഎഫ്ഒ അടക്കമുള്ള വനപാലകരെ നാട്ടുകാർ തടഞ്ഞുവെച്ചു. വനം വകുപ്പിനെ വിശ്വാസമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നഷ്ടപരിഹാരം നൽകി പ്രശ്നം അവസാനിപ്പിക്കുന്നത് സ്ഥിരം പല്ലവിയാണെന്നും ഇവർ വിമർശിച്ചു. പിടികൂടുന്ന മൃഗങ്ങളെ അൽപ്പസമയത്തിനകം തുറന്നുവിടുകയാണെന്നും നാട്ടുകാർ വിമർശിച്ചു.
കടുവാ ആക്രമണത്തെ തുടർന്ന് മാനന്തവാടിയിൽ ഇന്ന് യുഡിഎഫും എസ്‌ഡിപിഐയും ആഹ്വാനം ചെയ്ത ഹർത്താലിൽ ഒറ്റപ്പെട്ട സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. മാനന്തവാടിയിൽ സർക്കാർ ഓഫീസുകളും കടകളും കോൺഗ്രസ് പ്രവർത്തകർ ബലം പ്രയോഗിച്ച് അടപ്പിച്ചതായി പരാതിയുണ്ട്. സിവിൽ സപ്ലൈസ് ഓഫീസാണ് അടപ്പിച്ചത്.