
ലക്ഷദ്വീപിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ 21 ദിവസത്തിനകം കൈമാറാൻ കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം, ലക്ഷദ്വീപ് പഞ്ചായത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഉത്തരവിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
2022 ഡിസംബറിലാണ് ലക്ഷദ്വീപിലെ പഞ്ചായത്ത്, ഭരണസമിതികൾ പിരിച്ചു വിട്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ലക്ഷദ്വീപ് പഞ്ചായത്ത് വകുപ്പ് സെക്രട്ടറിക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ 21 ദിവസത്തിനകം അറിയിക്കണമെന്നാണ് നിർദ്ദേശം.
പഞ്ചായത്ത് ഭരണ സമിതികളുടെ അഭാവത്തിൽ ദ്വീപിൽ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.