പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്: കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ശരത്‌ലാൽ ആണ് കേസിലെ അഞ്ചാം പ്രതി
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്: കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം
Published on

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ളതും പ്രതിയെ കൃത്യത്തിൽ സഹായിച്ച പ്രതികളെയും ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. പരാതിക്കാരിയെ ശാരീരികമായി ഉപദ്രവിച്ച രാഹുലാണ് ഒന്നാം പ്രതി. പെൺകുട്ടിയെ മാനസികമായി ഉപദ്രവിച്ച രാഹുലിൻ്റെ അമ്മയും സഹോദരിയും രണ്ടും മൂന്നും പ്രതികളാണ്. രാഹുലിനെ നാടുവിടാൻ സഹായിച്ച സുഹൃത്ത് രാജേഷും, പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ശരത്‌ലാലുമാണ് നാലും അഞ്ചും പ്രതികൾ.

ട്വിസ്റ്റുകൾ നിറഞ്ഞ പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ 60 ദിവസത്തിനുള്ളിലാണ് ഫറൂഖ് എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്കെതിരെ അഞ്ച് വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്. ഗാർഹിക പീഡനം, വധശ്രമം തുടങ്ങിയവയാണ് പ്രധാന വകുപ്പുകൾ. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

കേസ് റദ്ദാക്കാൻ പ്രതിഭാഗം നൽകിയ ഹർജി അടുത്ത മാസം എട്ടിന് പരിഗണിക്കാനിരിക്കെയാണ് അന്വേഷണസംഘം കുറ്റപത്രം നൽകിയത്. കേസിൽ ഇരയായ പെൺകുട്ടി മൊഴിമാറ്റിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. തന്‍റെ വീട്ടുകാരുടെ സമ്മർദത്തെത്തുടർന്നാണ് ഭർത്താവിനെതിരെ പരാതി നൽകിയതെന്ന് യുവതി പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. തുടർന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ രാഹുൽ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുകയായിരുന്നു. പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പായെന്നാണ് പ്രതി ഹൈക്കോടതിയില്‍ അറിയിച്ചത്. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതി രാഹുലിൻ്റെ ഹർജിയില്‍ സർക്കാരിനും പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്കും പരാതിക്കാരിക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനിടയിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുന്നത്.

അതേസമയം, രാഹുലിനായായുള്ള തെരച്ചിൽ അന്വേഷണസംഘം ഊർജിതമാക്കിയിട്ടുണ്ട്. ജർമ്മനിയിൽ കഴിയുന്ന രാഹുലിനെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com