
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുലിനേയും ഭാര്യയേയും കൗൺസിലിംഗിന് വിട്ട് ഹൈക്കോടതി. കൗൺസിലിംഗ് റിപ്പോർട്ട് ലഭിച്ച ശേഷം കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതി തീരുമാനമെടുക്കും. റിപ്പോർട്ട് മുദ്രവെച്ച കവറിൽ ഹാജരാക്കാനും ജസ്റ്റിസ് ബദറുദ്ദീൻ ഉത്തരവിട്ടു.
ഹൈക്കോടതി നിർദേശപ്രകാരം പന്തീരാങ്കാവ് ഗാർഹിക പീഡനകേസിലെ പ്രതി രാഹുല്‍ പി. ഗോപാലും പരാതിക്കാരിയും ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നൽകി. ആദ്യം പെൺകുട്ടിയോടാണ് ജസ്റ്റിസ് ബദറുദ്ദീൻ കാര്യങ്ങൾ തിരക്കിയത്. തനിക്ക് പരാതിയില്ലെന്നും ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും, പെൺകുട്ടി കോടതിയെ അറിയിച്ചു. പിന്നീട് രാഹുലിനോട് ഭാര്യയെ ഉപദ്രവിച്ചിരുന്നോയെന്ന് ചോദിച്ചു. ഉപദ്രവിച്ചിട്ടില്ലെന്ന മറുപടിയാണ് നൽകിയത്. ശേഷം സർക്കാർ അഭിഭാഷകൻ റിപ്പോർട്ട് കോടതിയിൽ വായിച്ചു.
പരാതിക്കാരിയുടെ ശരീരത്തിൽ മാരകമായ മുറിവുകൾ ഉണ്ടായിരുന്നുവെന്നും പരാതി കിട്ടിയത് ശേഷം രാഹുൽ മുങ്ങി എന്നും അഭിഭാഷകൻ പറഞ്ഞു. രാഹുല്‍ പി. ഗോപാലിനെതിരായ പരാതിക്കാരിയുടെ ആക്ഷേപം ഗൗരവതരമാണെന്നും, എന്നാല്‍ ഒരുമിച്ചുള്ള ജീവിതത്തിന് കേസ് തടസമാകരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടർന്നാണ് ഇരുവർക്കും കൗണ്‍സിലിംഗ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നൽകിയത്. കേരള ലീഗൽ സർവീസ് അതോറിറ്റി മുഖേന ഇന്ന് തന്നെ കൗൺസിലിംഗ് നൽകണമെന്നും, റിപ്പോർട്ട് 27ന് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. കുടുംബ പ്രശ്നങ്ങളിൽ കോടതിക്കു ഇടപെടുന്നതിന് പരിമിതികളുണ്ട്. കൗൺസിലിംഗ് റിപ്പാർട്ട് തൃപ്തികരമെങ്കിൽ അവരെ ഒരുമിച്ചു വിടുമെന്നും, കോടതി വ്യക്തമാക്കി. ഇവർ ഒരുമിച്ച് ജീവിക്കുന്നതിൽ എതിർപ്പില്ലെന്നും സർക്കാർ അഭിഭാഷകനും നിലപാടെടുത്തു.
മെയ് അഞ്ചിനാണ് യുവതിയും രാഹുലും ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്. ആറു ദിവസത്തിനുശേഷം യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്‍റെ വീട്ടിൽ വിരുന്നിനെത്തിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടർന്നാണ് രക്ഷിതാക്കളുടെ പരാതിയിൽ പന്തീരാങ്കാവ് പൊലീസ് കേസടുത്തത്.
സ്‌ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും പൊലീസ് വിഷയത്തെ ഗൗരവമായി കണ്ടില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ, ദിവസങ്ങൾക്ക് ശേഷം യുവതി യൂട്യൂബ് ലൈവിൽ വന്ന് മൊഴി മാറ്റി. രാഹുൽ മർദിച്ചിട്ടില്ലെന്നും തന്റെ വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് രാഹുലിനെതിരെ മൊഴി നൽകിയതെന്നുമാണ് യുവതി പിന്നീട് പറഞ്ഞത്. തുടർന്ന് ഗാര്‍ഹിക പീഡന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുലും കുടുംബവും ഹർജി നൽകുകയായിരുന്നു. തുടർന്ന് രാഹുലും ഭാര്യയും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഇരുവരും ഇന്ന് കോടതിയിൽ ഹാജരായത്.