
തിരുവനന്തപുരം പാപ്പനംകോട് തീപിടുത്തത്തിൽ ഓഫീസ് ജീവനക്കാരി വൈഷ്ണക്കൊപ്പം മരിച്ചത് രണ്ടാം ഭർത്താവ് ബിനുകുമാർ തന്നെയെന്ന് സ്ഥിരീകരണം. സംഭവത്തിലെ നിർണായക സിസിടിവി ദൃശ്യം ന്യൂസ് മലയാളത്തിന് ലഭിച്ചു. സിസിടിവി ദൃശ്യത്തിലൂടെ ബിനുകുമാറാണെന്ന് ഉറപ്പിച്ചെങ്കിലും, മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനാഫലം നാളെ ലഭിക്കുമെന്ന് പൊലീസ് അറിയിച്ചു.
പാപ്പനംകോട് തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമാണുണ്ടായതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ കൂടെ ലഭിച്ചതോടെ ഇത് ആസൂത്രിത കൊലപാതകമെന്ന് വ്യക്തമാവുകയാണ്. ഓഫീസ് ജീവനക്കാരി വൈഷ്ണയ്ക്കൊപ്പം മരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് ബിനുകുമാറാണെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സ്വദേശമായ നരുവാമൂട് നിന്ന് പാപ്പനംകോടിലേക്ക് പോകുന്ന ബിനുകുമാറിന്റെ സിസിടിവി ദൃശ്യമാണ് പുറത്ത് വന്നിട്ടുള്ളത്.
നരുവാമൂട് നിന്ന് ഓട്ടോയിൽ കയറിയ ബിനു, കാരയ്ക്കാമണ്ഡപത്താണ് ഇറങ്ങിയത്. അവിടെനിന്നും കാൽനടയായി വൈഷ്ണ ജോലി ചെയ്യുന്ന പാപ്പനംകോട് ഓഫീസിലേക്ക് പോയെന്നാണ് കണ്ടെത്തൽ. ബിനുകുമാർ കയ്യിൽ കരുതിയ ബാഗിൽ പെയിന്റിങ്ങിന് ഉപയോഗിക്കുന്ന ടർപെന്റയിൻ ആണെന്നും സംശയമുണ്ട്. സംഭവദിവസം ഓഫീസിൽ നിന്ന് കത്തിയും കണ്ടെത്തിയിരുന്നു. വൈഷ്ണയെ കുത്തിയശേഷം ടർപെന്റയിൻ ഉപയോഗിച്ച് കത്തിച്ചതായാണ് നിഗമനം. ചുവരിൽ രക്തത്തുള്ളികൾ കണ്ടിരുന്നുവെന്ന സാക്ഷി മൊഴിയുമുണ്ട്. ഇതോടെയാണ് ആസൂത്രിത കൊലപാതകമെന്ന് വ്യക്തമായത്. വൈഷ്ണയ്ക്കൊപ്പം കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനാഫലം ഉടൻ ലഭിക്കും. ഇതോടെ ബിനുകുമാറാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനാകും.