
തൃശൂർ പൂരം കലക്കൽ വിവാദത്തിൽ കേസന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്. പൊലീസിന്റെ റിപ്പോർട്ട് അംഗീകരിക്കില്ല. സിറ്റി പൊലീസ് കമ്മീഷണറും എഡിജിപിയും അല്ല പ്രശ്നങ്ങൾക്ക് കാരണം. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകുമെന്നും ജി. രാജേഷ് പറഞ്ഞു. പൂരം തകർക്കുന്നതിന് അന്താരാഷ്ട്ര ഗൂഢാലോചന നടന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ ഗൂഢാലോചനയുടെ ഭാഗമാണ്. ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുകൊണ്ട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ഉത്തരവുകൾ ഇതിന് തെളിവുകൾ ആണെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി പറഞ്ഞു.
അതേസമയം പൊലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് അംഗീകരിക്കുന്നതായി തിരുവമ്പാടി ദേവസ്വം അറിയിച്ചു. പൊലീസിന്റെ വീഴ്ചകൾ തങ്ങൾ നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. മറ്റ് അന്വേഷണങ്ങൾ വേണമോ എന്ന കാര്യത്തിൽ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പൂർണമായി പുറത്തുവന്നതിനു ശേഷം തീരുമാനിക്കുമെന്നും തിരുവമ്പാടി ദേവസ്വം ജോയിൻ സെക്രട്ടറി പി. ശശീന്ദ്രൻ പറഞ്ഞു. ദേവസ്വം മുൻപും പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് പൊലീസ് റിപ്പോർട്ടിലൂടെ പുറത്തുവരുന്നത്. പൊലീസിന്റെ കമ്പ്യൂട്ടറുടെ പരിചയക്കുറവ് പ്രശ്നങ്ങളുണ്ടാക്കി. ഒരു വർഷങ്ങളിലും അങ്കിത് അശോകൻ കമ്മീഷണർ ആയിരിക്കെ പൂരത്തിൽ പ്രശ്നങ്ങൾ നടന്നിരുന്നുവെന്നും തിരുവമ്പാടി ദേവസ്വം പറഞ്ഞു.
പൂരം കലക്കൽ വിവാദത്തിൽ സിറ്റി പൊലീസ് കമ്മീഷണറെ മാത്രം കുറ്റപ്പെടുത്തിയായിരുന്നു അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്. പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ല. ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ല എന്നും റിപ്പോർട്ടിൽ പറയുന്നു. പൂരം ഏകോപനത്തിൽ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ച പറ്റി. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി. പരിചയക്കുറവാണ് വീഴ്ചയായെതെന്നും റിപ്പോർട്ട്. റിപ്പോർട്ട് എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിനും കൈമാറി. പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് എഡിജിപി എം.ആർ. അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയത്. റിപ്പോർട്ട് ഉടനെ നൽകണമെന്ന നിർദേശത്തെത്തുടർന്നായിരുന്നു ഇത്. തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഈ മാസം 24ന് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ അന്ത്യശാസനമുണ്ടായിരുന്നു. പിന്നാലെയാണ് എഡിജിപിയുടെ റിപ്പോർട്ട് എത്തിയത്.