ഇലഞ്ഞിത്തറ മേളം മുതൽ കുടമാറ്റവും വെടിക്കെട്ടും വരെ; തൃശൂർ പൂരം നടത്തിപ്പിലും ആചാരങ്ങളിലും പാറമേക്കാവിന് പ്രാധാന്യമേറെ

തൃശൂർ പൂരം നടത്തിപ്പിലും സംഘാടനത്തിലും പാറമേക്കാവ് ദേവിക്കും ദേവസ്വത്തിനും പ്രാധാന്യമേറെയാണ്
ഇലഞ്ഞിത്തറ മേളം മുതൽ കുടമാറ്റവും വെടിക്കെട്ടും വരെ; തൃശൂർ പൂരം നടത്തിപ്പിലും ആചാരങ്ങളിലും പാറമേക്കാവിന് പ്രാധാന്യമേറെ
Published on


പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെെ പ്രധാന ഘടക ക്ഷേത്രങ്ങളിലൊന്നാണ് പാറമേക്കാവ് ഭഗവതി ക്ഷേത്രം. പാറമേക്കാവ് ദേവസ്വവും ചുമതലക്കാരുമാണ് പൂരത്തിന്റെ പ്രധാന സംഘാടകരിലൊരാൾ. തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആചാരങ്ങളിലും പാറമേക്കാവ് ക്ഷേത്രത്തിന് പ്രമുഖ സ്ഥാനമാണുള്ളത്.

കേരളത്തിലെ തന്നെ പ്രശ്തമായ ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലെ തിരുമാന്ധാംകുന്ന്. തിരുമാന്ധാംകുന്ന് ഭഗവതി തന്നെയാണ് പാറമേക്കാവിലമ്മയെന്നാണ് വിശ്വാസം. കൂർക്കഞ്ചേരി ചക്കുഞ്ചാത്ത് കുറുപ്പാൾ കാരണവരുടെ ആഗ്രഹമനുസരിച്ച് തിരുമാന്ധാംകുന്നമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തിയെന്നും ഇലഞ്ഞിത്തറ മൂല സ്ഥാനമാക്കിയെന്നുമാണ് ഐതിഹ്യം. പിന്നീട് വടക്കുന്നാഥക്ഷേത്രം വിപുലീകരിച്ചപ്പോൾ കിഴക്കുഭാഗത്തുള്ള പാറോം മരത്തിനു ചുവട്ടിൽ ദേവിയെ കുടിയിരുത്തി. ഇവിടമാണ് പിന്നീട് പാറമേക്കാവ് ക്ഷേത്രമായതെന്നും ഭക്തർ വിശ്വാസിക്കുന്നു.

തൃശൂർ പൂരം നടത്തിപ്പിലും സംഘാടനത്തിലും പാറമേക്കാവ് ദേവിക്കും ദേവസ്വത്തിനും പ്രാധാന്യമേറെയാണ്. ഘടകക്ഷേത്രങ്ങളെ സഹായിക്കുന്നതും ഒരുക്കങ്ങൾ നടത്തുന്നതും പൂരത്തിന്റെ നെടുനായകത്വം വഹിക്കുന്നതുമാണ് ദേവസ്വത്തിന്റെ പ്രധാന ചുമതല. പൂര ദിവസവും പകൽപ്പൂര ദിവസവും വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്ന പാറമേക്കാവ് ദേവിക്കും ആചാരപരമായി പ്രാധാന്യങ്ങളേറെയുണ്ട്.


മേട മാസത്തിലെ പൂരം ദിവസം പതിനഞ്ചാനപ്പുറത്ത് നടപ്പാണ്ടി കൊട്ടി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന ദേവി, പടിഞ്ഞാറെ ഗോപുരം വഴി വടക്കുന്നാഥ ക്ഷേത്ര മതിലകത്ത് പ്രവേശിക്കുന്നു. മൂല സ്ഥാനത്തേക്ക് എത്തുന്ന ദേവി നിലപാട് നിന്ന് ഇലഞ്ഞിത്തറ മേളം നടത്തുന്നു. ഭഗവതി ഇലഞ്ഞിച്ചുവട്ടിലെത്തുന്നതോടെയാണ് മുന്നൂറോളം മേളകലാകാരന്മാർ അണിനിരക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഓർക്കസ്ട്ര അരങ്ങേറുക.

മേളം കലാശിക്കുന്നതോടെ കുടമാറ്റത്തിനായി പാറമേക്കാവിലമ്മയുടെ തെക്കോട്ടിറക്കം ആരംഭിക്കും. തിടമ്പേറ്റിയ കൊമ്പനാണ് ആദ്യമിറങ്ങുക. പിന്നാലെ പതിനാലാനകളും. ഏഴാനകൾ കോർപ്പറേഷൻ ഓഫീസിന് മുന്നിലെ രാജാവിൻ്റെ പ്രതിമ വരെ പോകും. പ്രതിമയെ അഭിവാദ്യം ചെയ്‌ത്‌ ഇവർ മടങ്ങിയെത്തിയാൽ പ്രദക്ഷിണ വഴിയിൽ തെക്കേ ഗോപുരത്തിനഭിമുഖമായി പതിനഞ്ചാനകളും അണിനിരക്കും. പിന്നീട് തിരുവമ്പാടി ദേവസ്വത്തോട് മത്സരിച്ചുള്ള കുടമാറ്റവും വെടിക്കെട്ടും നടക്കും.

തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളുടെ സംഘാടന മികവും തയ്യാറെടുപ്പുകളുമാണ് തൃശൂർ പൂരത്തിന്റെ നട്ടെല്ലും നടത്തിപ്പും. അതുകൊണ്ട് തന്നെ രണ്ട് നൂറ്റാണ്ടുകൾ പിന്നിടുന്ന മഹോത്സവത്തെ ഇക്കുറിയും കെങ്കേമമാക്കുവാൻ പാറമേക്കാവ് ദേവസ്വവും ഭക്തരും അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയാക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com