
കർശന നിയന്ത്രണങ്ങൾക്കിടയിലും തൃശൂരിലെ പൂര പ്രേമികൾക്ക് ആവേശമായി പാറമേക്കാവ് വേല വെടിക്കെട്ട്. ഹൈക്കോടതി മാർഗ നിർദേശങ്ങളും പെസോ നിയന്ത്രണങ്ങളും പാലിച്ചാണ് ഇന്ന് പുലർച്ചെ തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് അരങ്ങേറിയത്. നിയന്ത്രണങ്ങൾ പാലിക്കുന്നതിന് മുന്നോടിയായി പൊലീസും ഫയർ ഫോഴ്സുമടക്കമുള്ള സേനകൾ വലിയ സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു.
പുലർച്ചെ ഒന്നേ മുക്കാലോടെ ആരംഭിച്ച വേല വെടിക്കെട്ടിന് മുന്നോടിയായി ദേവസ്വം മാഗസിൻ ഒഴിച്ചിട്ടിരുന്നു. നിർമാണ കേന്ദ്രത്തിൽ നിന്ന് വെടിക്കെട്ട് സാമഗ്രികൾ നേരിട്ട് എത്തിച്ചായിരുന്നു തയ്യാറെടുപ്പുകൾ നടത്തിയത്. ഫയർ ലൈനിൽ നിന്നും നൂറ് മീറ്റർ അകലത്തിൽ വടം കെട്ടിത്തിരിച്ച് കാണികളെ അകറ്റി നിർത്തി. പെസോയുടെ പ്രത്യേക പരീക്ഷ പാസായ ദേവസ്വം പ്രതിനിധികൾ ചേർന്ന് വെടിക്കെട്ടിന് തിരികൊളുത്തിയ നിമിഷം മുതൽ വലിയ ആവേശമാണ് കാണികളിൽ കാണാനായത്. അതേസമയം, മുൻകാല വെടിക്കെട്ടുകളിൽ നിന്ന് ഇത്തവണ അൽപ്പം പ്രൗഢി കുറഞ്ഞതിന്റെ പരിഭവവും ചിലർ മറച്ച് വെച്ചില്ല.
പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ നിയന്ത്രണങ്ങളിൽ കോടതി നേരിയ ഇളവ് അനുവദിച്ചെങ്കിലും വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയാണ് വേല വെടിക്കെട്ടിന്റെ ഭാഗമായി പൊലീസും ദേവസ്വവും ചേർന്ന് ഒരുക്കിയത്. എന്നാൽ ആ നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് തന്നെ പുലർച്ച നേരത്തും ശബ്ദ- വർണ വിസ്മയം ആസ്വദിക്കാൻ ആയിരക്കണക്കിന് പൂര പ്രേമികൾ ഒഴുകിയെത്തി.
ആന എഴുന്നള്ളിപ്പിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചതും പെസോയുമായി ബന്ധപ്പെട്ടുണ്ടായ വെടിക്കെട്ട് പ്രതിസന്ധികളെ ഹൈക്കോടതിയിലൂടെ നേരിടാനായതും പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. അതുകൊണ്ട് തന്നെ നാളെ നടക്കുന്ന തിരുവമ്പാടി വേല കൂടി പൂർത്തീകരിച്ച ശേഷം തൃശൂർ പൂരത്തിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് തൃശൂരിലെ പ്രധാന ദേവസ്വങ്ങളും പൂരപ്രേമികളും.