
ഒളിമ്പിക്‌സ് ഉദ്ഘാടനം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പാരീസിലെ ഏറ്റവും വലിയ റെയില്‍ ശൃംഖലയ്ക്കു നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണ് റെയില്‍ ശൃംഖലയ്ക്കു നേരെ തീവെപ്പുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ നിരവധി ഭാഗങ്ങളിലേക്കുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. റെയില്‍ സംവിധാനത്തിനു നേരെയുള്ള ഏകോപിത ആക്രമണമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.
റെയില്‍ ശൃംഖല സ്തംഭിപ്പിക്കാനുള്ള മനപൂര്‍വമായ നീക്കമായാണ് സംശയിക്കുന്നത്. തകരാറുകള്‍ പൂര്‍ണമായും പരിഹരിച്ച് പൂര്‍വസ്ഥിതിയിലാക്കാന്‍ ഒരാഴ്ച്ച സമയമെടുക്കുമെന്നാണ് കരുതുന്നത്. പാരീസ് ഒളിമ്പിക്‌സില്‍ ഭീകരാക്രമണ സാധ്യത കൂടുതലുള്ളതിനാല്‍ നിലവിലുണ്ടായ ആക്രമണത്തെ ആശങ്കയോടെയാണ് സംഘാടകരും മത്സരാര്‍ഥികളും കാണുന്നത്.
Also Read:
റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് പോകരുതെന്നും യാത്രകള്‍ നീട്ടിവെക്കണമെന്നും യാത്രക്കാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. തീവെപ്പിനെ ഗതാഗത മന്ത്രി അപലപിച്ചു.
വെള്ളിയാഴ്ച്ച രാത്രി 8.24 നാണ് ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം. സ്റ്റേഡിയത്തിന് പകരം സെയ്ന്‍ നദിയിലൂടെയാണ് ഇത്തവണ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടക്കുക. ചരിത്രത്തില്‍ ആദ്യമായി ഒളിമ്പിക്‌സിന്റെ ഉദ്ഘാടനം തുറന്ന വേദിയില്‍ നടക്കുന്നതും പാരീസ് ഒളിംപിക്‌സിന്റെ പ്രത്യേകതയാണ്.
ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. മാര്‍ച്ച് പാസ്റ്റില്‍ 10,000ത്തിലധികം താരങ്ങള്‍ അണിനിരക്കും. മൂവായിരത്തോളം കലാകാരന്മാര്‍ ഉദ്ഘാടന ചടങ്ങിനെത്തും. കനത്ത സുരക്ഷയിലാണ് പാരീസ്.