ഇക്കുറി ഒളിംപിക്സ് മാർച്ച് പാസ്റ്റ് കരയിലല്ല; വൈവിധ്യങ്ങൾ കൊണ്ട് ലോകത്തെ ഞെട്ടിക്കാൻ പാരീസ്

205 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 94 ബോട്ടുകൾ പങ്കെടുപ്പിച്ചുള്ള, സെയ്ൻ നദിയിലെ 'റിവർ പരേഡ്' പാരീസിൻ്റെ വിഖ്യാതമായ ചരിത്രവും ഭൂമിശാസ്ത്രവും ഒളിംപിക്സ് ചരിത്രത്തിനൊപ്പം അടയാളപ്പെടുത്തുന്ന കാഴ്ചയ്ക്കാകും ഇനി ലോകം സാക്ഷ്യം വഹിക്കുക
ഇക്കുറി ഒളിംപിക്സ് മാർച്ച് പാസ്റ്റ് കരയിലല്ല; വൈവിധ്യങ്ങൾ കൊണ്ട് ലോകത്തെ ഞെട്ടിക്കാൻ പാരീസ്
Published on

പാരീസ് ഒളിംപിക്സിൽ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഉദ്ഘാടന ചടങ്ങ് ഒളിംപിക്സ് ചരിത്രത്തിലെ വേറിട്ടൊരു അധ്യായമാകുമെന്ന് ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് ഫ്രാൻസും അന്താരാഷ്ട്ര ഒളിംപിക്സ് അസോസിയേഷനും. നടത്തിപ്പിലെ നിരവധി വ്യത്യസ്തതകൾ കൊണ്ട് ലോകത്തെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഫ്രഞ്ച് ജനതയും സർക്കാരും. ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിലെ ഏറ്റവും ആകർഷണമായ ഓപ്പണിംഗ് സെറിമണിയിൽ ഇത്തവണ വലിയ വ്യത്യാസങ്ങൾ തന്നെ കാണാം.

സ്റ്റേഡിയത്തിന് പകരം സെയ്ൻ നദിയിലൂടെയാണ് വിവിധ രാജ്യങ്ങൾ അവരുടെ ദേശീയ പതാകയുമായി മാർച്ച് ചെയ്യുക. ഒളിംപിക്സ് ചരിത്രത്തില്‍ ആദ്യമായാണ് ഉദ്ഘാടന ചടങ്ങ് സ്റ്റേഡിയത്തിന് പുറത്ത് നടക്കുന്നത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. മാർച്ച് പാസ്റ്റിൽ 10,000ത്തിലധികം താരങ്ങള്‍ അണിനിരക്കും. മൂവായിരത്തോളം കലാകാരന്മാർ ഉദ്ഘാടന ചടങ്ങിനെത്തും.

സെയ്ൻ നദിയിലെ 'റിവർ പരേഡ്'

205 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 94 ബോട്ടുകൾ പങ്കെടുപ്പിച്ചുള്ള, സെയ്ൻ നദിയിലെ 'റിവർ പരേഡ്' പാരീസിൻ്റെ വിഖ്യാതമായ ചരിത്രവും ഭൂമിശാസ്ത്രവും ഒളിംപിക്സ് ചരിത്രത്തിനൊപ്പം അടയാളപ്പെടുത്തുന്ന കാഴ്ചയ്ക്കാകും ഇനി ലോകം സാക്ഷ്യം വഹിക്കുക. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ആറ് കിലോമീറ്റർ ദൈർഘ്യമുള്ള സെയ്ൻ നദിയിലൂടെയാണ് ടീമുകൾ മാർച്ച് പാസ്റ്റ് ചെയ്യുക. ജാർഡിൻ ഡെസ് പ്ലാൻ്റസിൻ്റെ അരികിലുള്ള ഓസ്റ്റർലിറ്റ്സ് പാലത്തിൽ നിന്ന് പരേഡ് പുറപ്പെടുകയും, നഗരത്തിൻ്റെ മധ്യഭാഗത്തുള്ള രണ്ട് ദ്വീപുകൾ (അലെ സെൻ്റ് ലൂയിസ്, ഐലെ ഡി ലാ സിറ്റി) എന്നിവ ചുറ്റി സഞ്ചരിക്കുകയും ചെയ്യും.

സെയ്ൻ നദിയുടെ ചരിത്രം

പാരീസ് നഗരത്തിലൂടെ ഒഴുകുന്ന ഈ നദിക്ക് 776 കിലോമീറ്റർ നീളമുണ്ട്. പാരീസ് നഗരമധ്യത്തിലെ പ്രധാന വ്യാവസായിക ജലപാത കൂടിയാണ് ഈ നദി. സോഴ്സ് സീൻ എന്ന പ്രദേശത്ത് നിന്നു ഉത്ഭവിക്കുന്ന സെയ്ൻ നദി പാരീസിലൂടെ ഒഴുകി ലെ ഹാവ്രേയിൽ വെച്ച് ഇംഗ്ലീഷ് ചാനലിൽ പതിക്കുന്നു. സമുദ്രത്തിൽ നിന്നും 120 കിലോമീറ്ററോളം ദൂരം ഈ നദിയിലൂടെ കപ്പലുകൾക്ക് സഞ്ചരിക്കാനാകും.

താരങ്ങൾക്ക് പാരീസ് നഗരം ചുറ്റിക്കാണാം

ബോട്ടിലുള്ള അത്‌ലറ്റുകൾക്ക് പാർക്ക് ഉർബെയിൻ ലാ കോൺകോർഡ്, എസ്പ്ലനേഡ് ഡെസ് ഇൻവാലിഡ്‌സ്, ഗ്രാൻഡ് പാലെയ്‌സ്, ഐന പാലം എന്നിവയുൾപ്പെടെ ചില ഔദ്യോഗിക ഗെയിംസ് വേദികളുടെ ദൃശ്യങ്ങൾ ലഭിക്കും. പരേഡ് ചെന്നവസാനിക്കുന്നത് ട്രോകാഡെറോ എന്ന ഫിനാലെ വേദിയിലേക്കാണ്.

പരേഡിൻ്റെ ക്രമം തീരുമാനിക്കുന്നതെങ്ങനെ?

പരേഡിനെത്തുന്ന രാജ്യങ്ങളുടെ പേരുകൾ ആതിഥേയ രാജ്യത്തെ അക്ഷരമാലാ ക്രമത്തിലായിരിക്കും നിർണയിക്കപ്പെടുക. ആദ്യമായി ഗ്രീസാണ് മാർച്ച് പാസ്റ്റിനെത്തുക. രണ്ടാം സ്ഥാനക്കാരായി റെഫ്യൂജി ഒളിംപിക് ടീമും, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, അൽബേനിയ, അർജീരിയ, ജർമനി എന്നീ ടീമുകളുമാണ് യഥാക്രമം മാർച്ച് പാസ്റ്റ് ചെയ്യുക.

ആതിഥേയരായ ഫ്രാൻസ് എത്രമതാണ്?

ആതിഥേയരായ ഫ്രാൻസാണ് 205ാമത്തെ രാജ്യമായി ഏറ്റവുമൊടുവിൽ പരേഡിനെത്തുക. 2028ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്ന അമേരിക്ക (204), 2032ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്ന ഓസ്ട്രേലിയ (203) എന്നിവരാണ് ഫ്രാൻസിന് തൊട്ടുമുൻപായി പരേഡ് നടത്തുക.

ഇന്ത്യയുടെ ക്രമം എത്രയായിരിക്കും?

140 കോടി ജനതയുടെ പ്രതീക്ഷകളുമായി പാരീസിലെത്തിയ ഇന്ത്യൻ സംഘം 84ാമതായാണ് മാർച്ച് പാസ്റ്റിൽ അണിനിരക്കുക. മുതിർന്ന ടേബിൾ ടെന്നീസ് താരമായ അചന്ത ശരത് കമലും, ഒളിമ്പ്യൻ പി.വി. സിന്ധുവും ചേർന്നാണ് ഇന്ത്യയുടെ പതാകയേന്തുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com