
33ാമത് വിശ്വ കായിക മാമാങ്കത്തിന് ഇന്ന് പാരീസ് നഗരമധ്യത്തിൽ തിരി തെളിയും. ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കുക. ഇനിയുള്ള 17 ദിനരാത്രങ്ങൾ ലോകത്തിൻ്റെ മുഴുവൻ കണ്ണുകളും ഫ്രാൻസിലേക്ക് മാത്രമായി ചുരുങ്ങും.
10,500 അത്ലറ്റുകൾ 94 ബോട്ടുകളിലായാണ് സെയ്ൻ നദിയിലൂടെ ഒളിംപിക് മാർച്ച് പാസ്റ്റിനായി അണിനിരക്കുക. ആസ്റ്റർലിറ്റ്സ് പാലത്തിനരികിൽ നിന്ന് തുടങ്ങുന്ന ഉദ്ഘാടന ചടങ്ങ് ജർദിൻ ഡെസ് പ്ലാൻ്റസിൽ അവസാനിക്കും. ഫ്രാൻസിൻ്റെ ചരിത്രസ്മരണകൾ ഉറങ്ങിക്കിടക്കുന്ന തെരുവ് വീഥികളിലൂടെയുള്ള മാർച്ച് പാസ്റ്റിൽ 206 രാജ്യങ്ങളുടെ ടീമംഗങ്ങൾ പങ്കെടുക്കും. കനത്ത സുരക്ഷാ സന്നാഹങ്ങളുടെ അകമ്പടിയിലാണ് ഫ്രാൻസിൽ ഒളിംപിക്സ് മാമാങ്കത്തിന് തുടക്കമാകുന്നത്.
ജർദിൻ ഡെസ് പ്ലാൻ്റസിൽ ഒളിംപിക്സ് ദീപം തെളിച്ച ശേഷം, പ്രൗഢമായ ഉദ്‌ഘാടനച്ചടങ്ങുകളും ഇവിടെ വെച്ച് തന്നെ നടക്കും. ലോക കായിക മാമാങ്കത്തിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ ദീപം തെളിയിക്കലിൻ്റെ സസ്പെൻസ് ഇപ്പോഴും തുടരുകയാണ്. ഇതിഹാസ ഫുട്ബോളർ സിനദിൻ സിദാനും എംബപ്പെയും ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് ദീപം തെളിയിക്കുന്നവരുടെ പട്ടികയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. ചടങ്ങിലെ കലാവിരുന്നുകളെ കുറിച്ചുള്ള വിവരങ്ങളും സംഘാടകർ സസ്പെൻസാക്കി വെച്ചിരിക്കുകയാണ്.