പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനം നാളെ മുതൽ; കേന്ദ്ര ബജറ്റ് 23ന്

നീറ്റ് പേപ്പർ ചോർച്ച കത്തിനിൽക്കെയാണ് വർഷകാല സമ്മേളനത്തിന് തുടക്കമാകുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. നീറ്റ് പേപ്പർ ചോർച്ച കത്തിനിൽക്കെയാണ് വർഷകാല സമ്മേളനത്തിന് തുടക്കമാകുന്നത്.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സർവകക്ഷി യോഗം ഡൽഹിയിൽ നടന്നു. തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളെല്ലാം യോഗത്തിൽ പങ്കെടുത്തു. ലോക്‌സഭാ പ്രതിപക്ഷ നിരയിൽ നിന്ന് ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കണമെന്ന് ജയറാം രമേശ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സമർദം ചെലുത്തി. നീറ്റ് പേപ്പർ ചോർച്ച വിഷയവും യോഗത്തിൽ ചർച്ച ചെയ്തു. വൈഎസ്ആർ കോൺഗ്രസ്, ജനതാദൾ (ബി), ജെഡിയു പാർട്ടികൾ ആന്ധ്രാപ്രദേശ്, ഒഡിഷ, ബിഹാർ സംസ്ഥാനങ്ങളുടെ പ്രത്യേക പദവിക്കായി വാദിച്ചു. ആന്ധ്രയുടെ പ്രത്യേക പദവിയ്ക്കായി വൈഎസ്ആർ നേതാക്കൾ വാദിച്ചപ്പോൾ ടിഡിപി അംഗങ്ങൾ നിശബ്ദത പാലിച്ചതിനെയും അവർ വിമർശിച്ചു.

ശിവഭക്തരുടെ തീർഥാടനമായ കൻവാർ യാത്രയും യോഗത്തിൽ ചർച്ചയായി. സമാജ്‌വാദി പാർട്ടി എംപി രാംഗോപാൽ യാദവാണ് ഇക്കാര്യം ഉയർത്തിയത്. കൻവാർ യാത്ര നടക്കുന്ന മേഖലയിൽ ഭക്ഷണശാലകൾ ഉടമകളുടെ പേരുവിവരം പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് സർക്കാർ ഉത്തരവാണ് ചർച്ചക്കിടയാക്കിയത്. 90 വർഷം പഴക്കമുള്ള എയർക്രാഫ്റ്റ് ആക്ട് മാറ്റുന്നത് അടക്കം പ്രധാനപ്പെട്ട ആറ് ബില്ലുകൾ ഇത്തവണത്തെ സമ്മേളനത്തിൽ അവതരിപ്പിക്കും. ജമ്മു കശ്മീരിൻ്റെ ബജറ്റിന് പാർലമെൻ്റിൻ്റെ അംഗീകാരം ലഭിക്കാനും ഇടയുണ്ട്.


പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിജെപിയിൽ നിന്ന് ജെ.പി. നദ്ദയും കിരൺ റിജിജുവും പങ്കെടുത്തു. കോൺഗ്രസിൽ നിന്ന് ഗൗരവ് ഗൊഗോയ്, ജയറാം രമേശ്, കെ. സുരേഷ്, എൽജെപി നേതാവ് ചിരാഗ് പാസ്വാൻ, എസ്.പി. നേതാവ് രാം ഗോപാൽ യാദവ്, എഎപി നേതാവ് സഞ്ജയ് സിംഗ്, അസദുദ്ദീൻ ഒവൈസി, എൻസിപി നേതാവ് പ്രഫുൽ പട്ടേൽ, സിപിഐം എംപി ജോൺ ബ്രിട്ടാസ് എന്നിവരടക്കം 44 പാർട്ടികളുടെ 55 പ്രതിനിധികൾ യോഗത്തിനെത്തി. ഓഗസ്റ്റ് 12ന് ബജറ്റ് സമ്മേളനം അവസാനിക്കും.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com