അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശം: പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്‍റ്, ഇരുസഭകളും നിര്‍ത്തിവെച്ചു

അതേസമയം അമിത് ഷായുടെ രാജ്യസഭാ പ്രസംഗം എക്സിലൂടെ പങ്കുവച്ചതിനാൽ കോൺഗ്രസിന് എക്‌സ് നോട്ടീസയച്ചു
അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശം: പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്‍റ്,  ഇരുസഭകളും നിര്‍ത്തിവെച്ചു
Published on

അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തിൽ പാര്‍ലമെൻ്റിൽ പ്രതിഷേധം ശക്തം. ഭരണ- പ്രതിപക്ഷ നേതാക്കള്‍ മുഖാമുഖം വന്നതോടെ ഇരുസഭകളും നിര്‍ത്തിവെച്ചു. പരാമർശത്തെ തുടർന്ന് രാജ്യ വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നു. അതേസമയം അമിത് ഷായുടെ രാജ്യസഭാ പ്രസംഗം എക്സിലൂടെ പങ്കുവച്ചതിനാൽ കോൺഗ്രസിന് എക്‌സ് നോട്ടീസയച്ചു. ദേശീയ സൈബർക്രൈം നിയമപരിധി ലംഘിച്ചു എന്ന ആരോപണത്തെ തുടർന്നാണ് നോട്ടീസയച്ചത്.

അംബേദ്‌കർ, അംബേദ്‌കർ എന്ന് നിരന്തരം ഉരുവിട്ടുകൊണ്ടിരിക്കുന്നത് ഇപ്പോൾ ഫാഷനായിരിക്കുന്നു. ഇത്രയും തവണ ഭഗവാൻ്റെ നാമം ഉരുവിട്ടിരുന്നെങ്കിൽ ഏഴ് ജന്മത്തിലും സ്വർഗം കിട്ടുമായിരുന്നു എന്ന പരാമർശമാണ് അമിത് ഷാ നടത്തിയത്.


അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തെ എതിർത്തു കൊണ്ട് നിരവധി പേരാണ് അഭിപ്രായം പങ്കുവച്ചത്. ഇന്ത്യയെ സമൂഹിക അനീതികളിൽ നിന്ന് മോചിപ്പിച്ചത് അംബേദ്കറാണെന്നും, സ്വാതന്ത്ര്യം, തുല്യനീതി, സമത്വം എന്നീ തത്വങ്ങളിൽ വിശ്വസിക്കുന്നവർക്ക് അംബേദ്കറെ അപമാനിക്കുന്നത് സഹിക്കില്ലെന്നുമായിരുന്നു നടൻ കമല്‍ഹാസൻ്റെ പ്രതികരണം. അംബേദ്കര്‍ എന്ന പേരിനോട് ചിലര്‍ക്ക് അലര്‍ജിയാണെന്നും, ഹൃദയത്തിലും ചുണ്ടിലും സന്തോഷത്തോടെ അദ്ദേഹത്തിന്‍റെ പേര് ഉച്ചരിക്കുമെന്ന് നടൻ വിജയിയും പ്രതികരിച്ചു.




എന്നാൽ അംബേദ്കർ വിവാദത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തി. ബിജെപിയും ജന സംഘവും അംബേദ്ക്കറെ ഒരിക്കലും അപമാനിച്ചിട്ടില്ല. രാജ്യസഭയിലെ തൻ്റെ പ്രസംഗം അടർത്തി എടുത്ത് ദുരുപയോഗം ചെയ്തു. തൻ്റെ വാക്കുകൾ കോൺ​ഗ്രസ് വളച്ചൊടിച്ചതാണെന്നായിരുന്നു അമിത് ഷായുടെ വാദം.



കോൺഗ്രസ് അംബേദ്കർ വിരുദ്ധ പാർട്ടിയാണ്. സംവരണ വിരോധ പാർട്ടിയാണ്. അംബേദ്ക്കറെ രണ്ട് തവണ കോൺഗ്രസ് ബോധപൂർവും തോൽപ്പിച്ചു. അംബേദ്ക്കറെ ഭാരതരത്ന നൽകാതെ അപമാനിച്ചതും ഭരണഘടനയെ അംഗീകരിക്കാത്തതും കോൺഗ്രസാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. സ്ത്രീകളെയും രക്തസാക്ഷികളെയും കോൺഗ്രസ് അപമാനിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com