
കേരളത്തിലെ എഞ്ചിനിയറിങ് കോളേജുകളിലെ പഠന നിലവാരം ദയനീയ സ്ഥിതിയിലാണെന്ന് പുതിയ പരീക്ഷ ഫലം അടിവരയിടുന്നു. 22 ശതമാനം കോളേജുകളിലും 75 ശതമാനത്തിന് മുകളിൽ വിദ്യാർഥികൾ തോറ്റു. ഈ പട്ടികയില്‍ ഒരൊറ്റ വിദ്യാർഥി പോലും ജയിക്കാത്ത കോളേജുമുണ്ട്.
സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള 128 എഞ്ചിനീയറിംഗ് കോളേജുകളിൽ 36 എഞ്ചിനീയറിംഗ് സ്ട്രീമുകളിലായി 2020-21 അധ്യയന വർഷത്തിൽ 30,923 വിദ്യാർഥികളാണ് പ്രവേശനം നേടിയത്. അതില്‍ അവസാന വർഷ പരീക്ഷകൾക്ക് യോഗ്യത നേടിയത് 27,000 വിദ്യാർഥികള്‍. ഇതില്‍ ജയിച്ചത് 14,319 പേർ മാത്രം. വിജയശതമാനം 53.03%. കഴിഞ്ഞ അധ്യയന വർഷം ഇത് 55.6 ശതമാനമായിരുന്നു.
യൂണിവേഴ്സിറ്റിയിലെ 22 ശതമാനം എഞ്ചിനിയറിങ് കോളേജുകളിലെ 75 ശതമാനം വിദ്യാർഥികളും തോറ്റു. 77 കോളേജുകളില്‍ 50 ശതമാനത്തിൽ താഴെയും, 26 എണ്ണത്തില്‍ 25 ശതമാനത്തിൽ താഴെയും, ആറ് കോളേജുകളില്‍ 10 ശതമാനത്തിൽ താഴെയുമാണ് വിജയശതമാനം. ഒരു കോളേജിൽ സമ്പൂർണ പരാജയവും.
51 കോളേജുകളില്‍ മാത്രമാണ് 50 ശതമാനത്തിന് മുകളിൽ വിദ്യാർഥികള്‍ ജയിച്ചത്. കഴിഞ്ഞ വർഷം ഏഴ് കോളേജുകൾക്ക് 80 ശതമാനത്തിന് മുകളിൽ ജയമുണ്ടായിരുന്നെങ്കില്, ഇത്തവണ അത് വെറും രണ്ട് കോളേജുകളുടെ മാത്രം നേട്ടമാണ്. ഒമ്പത് പോയിന്‍റിനു മുകളില്‍ ക്യുമിലേറ്റീവ് ഗ്രേഡ് നേടിയത് 1,117 വിദ്യാർഥികളാണ്.
പെണ്‍കുട്ടികളാണ് ഇത്തവണ മുന്നില്‍. പരീക്ഷയെഴുതിയ 10,229 വിദ്യാർഥികളിൽ 6,921 പേർ വിജയിച്ചു. വിജയശതമാനം 67.66%. ടികെഎം കോളജ് ഓഫ് എഞ്ചിനിയറിങ്ങിലെ സിവിൽ വിദ്യാർഥിനി ബീമ ജിഹാന്‍, ബാർട്ടൺ ഹില്‍ ഗവൺമെൻ്റ് എഞ്ചിനിയറിങ് കോളേജിലെ അപർണ എസ്, ടികെഎം കോളേജ് ഓഫ് എഞ്ചിനിയറിങ്ങിലെ അശ്വതി ഇ എന്നിവരാണ് ആദ്യ മൂന്ന് റാങ്കിംഗിലുള്ളത്. കഴിഞ്ഞ വർഷവും ആദ്യ റാങ്കുകള്‍ പെണ്‍കുട്ടികള്‍ക്കായിരുന്നു.
ഇതിന് നേർവിപരീതമാണ് ആണ്‍കുട്ടികളുടെ ഫലം. പരീക്ഷയെഴുതിയ 16,771 ആൺകുട്ടികളിൽ ജയിച്ചത് 7,398 പേരാണ്. വിജയ ശതമാനം 44.11%. 55 ശതമാനത്തിലധികം പേരും തോറ്റു. എസ്‍സി - എസ്‍ടി വിഭാഗത്തില്‍ നിന്ന് 1,012 വിദ്യാർഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 262 പേർ ജയിച്ചു. ലാറ്ററൽ എൻട്രി വിഭാഗത്തിലെ 2,487 വിദ്യാർഥികളിൽ 1,181 പേർക്കാണ് ജയം.
സർക്കാർ-എയ്‌ഡഡ് കോളേജുകളാണ് കൂട്ടത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത് സ്വകാര്യ സ്വാശ്രയ കോളേജുകളും. 75.94% ശതമാനമാണ് സർക്കാർ-എയ്‌ഡഡ് കോളേജുകളിലെ വിജയശതമാനം. സർക്കാർ കോളേജുകളില്‍ 71.91%, സർക്കാർ ചെലവ് പങ്കിടുന്ന സ്വാശ്രയ കോളേജുകളില്‍ 59.76%, സ്വകാര്യ സ്വാശ്രയ കോളേജുകളില്‍- 43.39% എന്നിങ്ങനെയാണ് വിജയശതമാനം.
സ്വാശ്രയ കോളേജുകളുടെ നിലനില്‍പ്പിന് വേണ്ടി എഞ്ചിനിയറിങ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ ഒഴിവാക്കിയും മിനിമം മാര്‍ക്കില്‍ ഇളവ് നല്‍കുകയും ചെയ്ത സർക്കാർ ഉത്തരവിന്‍റെ ഫലമാണ് എഞ്ചിനിയറിങ് രംഗത്തെ തിരിച്ചടിയെന്ന വ്യാപകവിമർശനമാണ് കെടിയു ഫലത്തിന് പിന്നാലെ ഉയരുന്നത്. പത്തിലും +2-വിലും ഉന്നത വിജയം നേടി എഞ്ചിനിയറിങ്ങിന് ചേരുന്ന വിദ്യാർഥികളുടെ കൂട്ടത്തോല്‍വി, വിദ്യാഭ്യാസ രംഗത്ത് കേരളം അവകാശപ്പെടുന്ന മുന്നേറ്റത്തെയും ഗുണമേന്മയെയും ചോദ്യം ചെയ്യുന്നതാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാര തകർച്ചയില്‍ കൂടുതല്‍ ചർച്ചകള്‍ക്ക് വഴിതുറക്കുകയാണ് കെടിയു ഫലം.