കണ്ണൂരിൽ പുതിയ എഡിഎമ്മായി പദ്‌മചന്ദ്ര കുറുപ്പ് ചുമതലയേറ്റു

മുന്നിലെത്തുന്ന കാര്യങ്ങൾ നീതിയുക്തമായി പരിഗണിക്കുമെന്ന് പദ്‌മചന്ദ്ര കുറുപ്പ് പറഞ്ഞു
കണ്ണൂരിൽ പുതിയ എഡിഎമ്മായി പദ്‌മചന്ദ്ര കുറുപ്പ് ചുമതലയേറ്റു
Published on

കണ്ണൂരിൽ പുതിയ എഡിഎമ്മായി പദ്‌മചന്ദ്ര കുറുപ്പ് ചുമതലയേറ്റു. കൊല്ലം സ്വദേശിയായ പദ്‌മചന്ദ്ര കുറുപ്പ് ദേശീയപാത അക്വിസിഷൻ വിഭാഗത്തിൽ നിന്നാണ് കണ്ണൂർ എ ഡി എം സ്ഥാനത്തേക്ക് എത്തുന്നത്. തൻ്റെ മുന്നിലെത്തുന്ന കാര്യങ്ങൾ നീതിയുക്തമായി പരിഗണിക്കുമെന്ന് പദ്‌മചന്ദ്ര കുറുപ്പ് പറഞ്ഞു. മുൻ എഡിഎം നവീൻ ബാബുവിനെക്കുറിച്ച് നല്ല അഭിപ്രായം ആണുള്ളതെന്നും പദ്‌മചന്ദ്ര കുറുപ്പ് കൂട്ടിച്ചേർത്തു.

മുൻ എഡിഎമ്മായിരുന്ന നവീൻ ബാബുവിനെ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ചെയ്ത് കൊണ്ട് ഉത്തരവിറക്കിയിരുന്നു. എന്നാൽ ഒക്ടോബർ 14 ന് കണ്ണൂരിൽ വച്ച് നടന്ന യാത്രയയപ്പ് ചടങ്ങിന് പിന്നാലെ നവീൻ ബാബു ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരം അറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.


തലേ ദിവസത്തെ യാത്രയയപ്പ് ചടങ്ങിൽ വെച്ച് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ നവീൻ ബാബുവിനെതിരെ പരസ്യമായി അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ എഡിഎം അഴിമതി നടത്തിയെന്ന് ദിവ്യ വേദിയിൽ തുറന്നടിച്ചു. പിന്നാലെ നവീൻ ബാബുവിന് ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിടുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു.

സംഭവത്തിൽ പി.പി. ദിവ്യയ്ക്കെതിരെ പൊലീസ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയിരുന്നു. ആരോപണവിധേയായതിനാൽ ദിവ്യയെ പാർട്ടി ഇടപെട്ട് ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. പിന്നീട് ഒളിവിൽ പോയ ദിവ്യയെ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വന്നതിന് ശേഷമേ പൊലീസിന് മുന്നിൽ ഹാജരാവുകയുള്ളുവെന്ന് ദിവ്യയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു.


ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച തലശേരി അഡീഷണൽ സെഷൻസ് കോടതി, ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെ ദിവ്യ പൊലീസിന് മുന്നിൽ ഹാജരാവുകയായിരുന്നു. പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് മാറ്റിയ ദിവ്യയെ രണ്ടാഴ്‌ചത്തേക്ക് റിമാൻഡ്  ചെയ്തിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com