
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രണ്ട് ദിവസം രോഗി കുടുങ്ങിക്കിടന്നു. ഓർത്തോ ഒ.പിയിൽ വന്ന തിരുവനന്തപുരം സ്വദേശി രവീന്ദ്രനാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്ച 11 മണിക്ക് കുടുങ്ങിയ രവീന്ദ്രൻ പുറത്തിറങ്ങിയത് ഇന്ന് രാവിലെയാണ്. രോഗി ലിഫ്റ്റിൽ കുടുങ്ങിയ വിവരം ആശുപത്രി അധികൃതരോ മറ്റാരെങ്കിലുമോ അറിഞ്ഞിരുന്നില്ല, തുടർന്ന് ഇന്ന് രാവിലെ ലിഫ്റ്റിൽ കുടുങ്ങിയ നിലയിൽ രവീന്ദ്രനെ കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച നടുവേദനയ്ക്ക് ചികിത്സ തേടിയാണ് രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിൽ എത്തിയത്. ഒന്നാം നിലയിലേക്ക് പോകാൻ ലിഫ്റ്റിൽ കയറിയപ്പോഴാണ് ലിഫ്റ്റിൽ കുടുങ്ങിയത്. മൊബൈൽ ഫോൺ നിലത്തു വീണ് പൊട്ടിയതോടെ ആരെയും വിളിച്ച് വിവരമറിയിക്കാനും സാധിച്ചില്ല. രവീന്ദ്രനെ കാണാതായതിനെ തുടർന്ന് കുടുംബം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിരുന്നു. ലിഫ്റ്റ് തരാറിലാണെന്ന് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചില്ലെന്ന് രവീന്ദ്രൻ്റെ കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് കുടുംബം.
സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് ഇതു സംബന്ധിച്ച് മന്ത്രി നിര്‍ദേശം നല്‍കിയത്.