ചികിത്സാപ്പിഴവിൽ രോഗികൾക്കും അപ്പീൽ നൽകാം; വ്യക്തത വരുത്തി നാഷണൽ മെഡിക്കൽ കമ്മീഷന്‍

ഡോക്ടർ  കെ.വി. ബാബുവിന്റെ ഇടപെടലിനെ തുടർന്നാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ ഇതിൽ വ്യക്തത വരുത്തിയത്
ചികിത്സാപ്പിഴവിൽ രോഗികൾക്കും അപ്പീൽ നൽകാം; വ്യക്തത വരുത്തി നാഷണൽ മെഡിക്കൽ കമ്മീഷന്‍
Published on

ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട സംസ്ഥാന മെഡിക്കൽ കൗൺസിൽ തീരുമാനങ്ങൾക്കെതിരെ രോഗികൾക്കും അപ്പീൽ നൽകാമെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി). അപ്പീൽ നൽകാമെന്ന് ചട്ടങ്ങൾ  നിലവിലുണ്ടായിരുന്നെങ്കിലും കഴിഞ്ഞ നാല് വർഷമായി എൻഎംസി അപ്പീലുകൾ സ്വീകരിച്ചിരുന്നില്ല. മലയാളിയായ ഡോക്ടർ  കെ.വി. ബാബുവിന്റെ ഇടപെടലിനെ തുടർന്നാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ ഇതിൽ വ്യക്തത വരുത്തിയത്. 



ചികിത്സാ പിഴവുമായി ബന്ധപ്പെട്ട്  രോഗികളോ  ബന്ധുക്കളോ  സംസ്ഥാന  മെഡിക്കൽ കൗൺസിലിൽ  പരാതി നൽകിയാൽ എത്തിക്സ് ബോർഡ് അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നതാണ് രീതി. എന്നാൽ ഈ അന്വേഷണത്തിൽ പരാതികൾ  ഉണ്ടെങ്കിൽ  രോഗികൾക്ക്  നാഷണൽ മെഡിക്കൽ കമ്മീഷനെ സമീപിക്കാൻ  കഴിഞ്ഞ നാല് വർഷമായി സാധിച്ചിരുന്നില്ല. ഡോക്ടർമാർക്ക് മാത്രമായിരുന്നു ഈ  സൗകര്യം  ഉണ്ടായിരുന്നത്. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ഡോക്ടർ കെ.വി.  ബാബു നാലുവർഷമായി  നടത്തിയ  ഇടപെടലിനോടുവിലാണ്  ഡോക്ടർമാരെപ്പോലെ തന്നെ രോഗികൾക്കും  അപ്പീൽ  നൽകാമെന്ന്  വ്യക്തമാക്കി ഉത്തരവിറക്കിയത്.



2020 സെപ്റ്റംബർ 25 നാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക്  പകരം  സംവിധാനമായി നാഷണൽ മെഡിക്കൽ കമ്മീഷൻ നിലവിൽ വന്നത്. 2021 ഒക്ടോബറിൽ രോഗികൾക്ക്  അപ്പീൽ നൽകാൻ  അവകാശമില്ലെന്ന്  നാഷണൽ മെഡിക്കൽ  കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ  2002ലെ എംസിഐ  എത്തിക്സ് റെഗുലേഷൻ പ്രകാരം രോഗികൾക്ക്  ഡോക്ടർമാരെപ്പോലെ തന്നെ  അപ്പീൽ നൽകാനുള്ള  അവകാശമുണ്ടെന്നായിരുന്നു ഡോക്ടർ  കെ.വി. ബാബുവിന്റെ  വാദം. ഈ  വാദമാണ്  ഇപ്പോൾ  അംഗീകരിക്കപ്പെട്ടത്. നിയമപ്രകാരം അവകാശമുണ്ടായിട്ടും  നൂറിലേറെപ്പേർക്കാണ്  അപ്പീൽ  അവസരം  നിഷേധിക്കപ്പെട്ടത്. തന്റെ ഭാര്യയുടെ മരണത്തെ തുടർന്ന് ഡോക്ടർ കുനാൽ സാഹ നൽകിയ കേസിനെ തുടർന്നാണ് 2004ൽ രോഗികൾക്കും അപ്പീൽ നൽകാൻ ഉള്ള അവകാശം നിയമത്തിൽ ഉൾപ്പെടുത്താൻ സുപ്രീം കോടതി ഉത്തരവിട്ടത്. ആ അവകാശമാണ് 20 വർഷങ്ങൾക്ക് ശേഷം ഡോക്ടർ കെ.വി. ബാബുവിന്റെ ഇടപെടലിലൂടെ പുനസ്ഥാപിക്കപ്പെടുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com