
സർക്കാർ സഹായം മുടങ്ങിയതോടെ പ്രതിസന്ധിയിലായി പയ്യന്നൂർ പൂരക്കളി അക്കാദമി. പണമില്ലാത്തതിനാൽ വർഷാവർഷമുള്ള അവാർഡ് പ്രഖ്യാപനം പോലും തടസപ്പെട്ടതായി പൂരക്കളി കലാകാരന്മാർ പറയുന്നു.
ഉത്തര മലബാറിൻ്റെ തനതുകലാരൂപങ്ങളായ പൂരക്കളി, മറത്തുകളി എന്നിവയുടെ പ്രചാരം വർധിപ്പിക്കുക, കലാകാരന്മാർക്ക് പ്രോത്സാഹനം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഉമ്മൻ ചാണ്ടി സർക്കാർ പയ്യന്നൂർ കേന്ദ്രീകരിച്ച് പൂരക്കളി അക്കാദമിക്ക് തുടക്കമിട്ടത്. പ്രാരംഭഘട്ടത്തിൽ അക്കാദമി മികച്ച പ്രവർത്തനം കാഴ്ചവെക്കുകയും ചെയ്തു. എന്നാൽ പിന്നീട് അക്കാദമിക്ക് സർക്കാർ സഹായം ലഭിക്കാതെയായി. ഇതോടെ പ്രതിവർഷം നൽകിവരുന്ന അവർഡുകൾ പോലും നൽകാനാവാത്ത അവസ്ഥയാണ്. 2022 ലെയും 23 ലെയും അവർഡുകൾക്ക് അപേക്ഷ ക്ഷണിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പ്രഖ്യാപിച്ചിട്ടില്ല.
പൂരക്കളി അക്കാദമിയോടുള്ള അവഗണന തുടരുമ്പോഴും സമാനമായ മറ്റ് അക്കാദമികൾക്ക് സഹായം ലഭിക്കുന്നുണ്ടെന്ന് പൂരക്കളി കലാകാരന്മാർ പറയുന്നു. നാടൻ കലാ അക്കാദമിയും ക്ഷേത്ര കലാ അക്കാദമിയും സുഗമമായി പ്രവർത്തിക്കുന്നുണ്ട്. നിലവിലെ ഭാരവാഹികളുടെ പിടിപ്പുകേടാണ് അവഗണനക്ക് കാരണമെന്നാണ് ആക്ഷേപം.