'മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിച്ചെങ്കിൽ വലിയ പബ്ലിസിറ്റി കിട്ടിയേനെ'; NCPയിലെ മന്ത്രിമാറ്റം നടക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് പി.സി. ചാക്കോ

എൻസിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോ​ഗത്തിലെ പി.സി. ചാക്കോയുടെ സംഭാഷണം പുറത്ത്
'മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിച്ചെങ്കിൽ വലിയ പബ്ലിസിറ്റി കിട്ടിയേനെ'; NCPയിലെ മന്ത്രിമാറ്റം നടക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് പി.സി. ചാക്കോ
Published on

എൻസിപിയിലെ മന്ത്രിമാറ്റം നടക്കാത്തതിലെ അതൃപ്തി പ്രകടിപ്പിച്ച് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ. പാർട്ടി തീരുമാനം നടപ്പാക്കണം എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞുവെന്ന് ചാക്കോ നേതൃയോ​ഗത്തിൽ പറഞ്ഞു. എൻസിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോ​ഗത്തിലെ പി.സി. ചാക്കോയുടെ സംഭാഷണം പുറത്ത് വന്നു.


മന്ത്രിമാറ്റത്തിന് നിർബന്ധം പിടിക്കരുതെന്നായിരുന്നു മന്ത്രിമാറ്റം ആവശ്യപ്പെട്ട പി.സി. ചാക്കോയ്ക്ക് ലഭിച്ച മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിച്ചെങ്കിൽ തനിക്ക് വലിയ പബ്ലിസിറ്റി കിട്ടിയേനെ. എന്താണ് മുന്നണി മര്യാദയെന്നും അതിനപ്പുറത്തേക്കും തനിക്ക് പറയാമായിരുന്നെങ്കിലും ഒന്നും താൻ പറഞ്ഞില്ലെന്നും പി.സി. ചാക്കോ ജില്ലാ കമ്മിറ്റി യോ​ഗത്തിൽ പറഞ്ഞു. വനം മന്ത്രി എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ പറ്റാത്തതിലെ അമർഷമാണ് എൻസിപി അധ്യക്ഷൻ പങ്കുവച്ചത്.

"മുഖ്യമന്ത്രിയെക്കണ്ട് സംസാരിച്ചപ്പോൾ അദ്ദേഹം ഇപ്പോൾ ഒരു മാറ്റം വേണോ എന്ന് ചോദിച്ചു. നിങ്ങൾ അതിൽ നിർബന്ധം പിടിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശരദ് പവാറിന്റെ നേതൃത്വത്തിലെടുത്ത തീരുമാനമാണെന്ന് ഞാന്‍ പറഞ്ഞു. ഞങ്ങളുടെ പാർട്ടിയുടെ ഒരു തീരുമാനമാണ് അത് നടപ്പാക്കണം. അതിനപ്പുറത്തേക്ക് ഞാൻ പറഞ്ഞില്ല എനിക്ക് പലതും പറയാമായിരുന്നു. ജനാധിപത്യ കീഴ്വഴക്കങ്ങൾ എന്താണ്? ഘടകകക്ഷികളുടെ തീരുമാനങ്ങൾ എങ്ങനെയാണ് ഒരു മുഖ്യമന്ത്രി കൈകാര്യം ചെയ്യേണ്ടത് എന്നൊക്കെ എനിക്ക് പറയാം. എനിക്ക് പത്ര സമ്മേളനത്തിൽ പറയാം. എനിക്ക് ഇടതുപക്ഷ മുന്നണിയിൽ ഇക്കാര്യം ഉന്നയിക്കാം. നല്ല പബ്ലിസിറ്റി കിട്ടും. എനിക്ക് നല്ല കുറിക്ക് കൊള്ളുന്നപോലെ മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിക്കാം", പി.സി. ചാക്കോ പറഞ്ഞു.

തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ പി.സി. ചാക്കോ സമീപിച്ചിരുന്നു. ശശീന്ദ്രനെ ഉടന്‍ രാജിവെപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജി വെക്കുമെന്നുവരെ ചാക്കോ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പി.സി. ചാക്കോയെ എൻസിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാൻ പാ‍ർട്ടിക്കുള്ളിൽ നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഇതിനായി ശശീന്ദ്രന്‍ വിഭാഗം മന്ത്രിയുടെ വസതിയിൽ രഹസ്യ യോഗവും ചേര്‍ന്നു. എൻസിപിയിലെ 25 സംസ്ഥാനതല നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. മന്ത്രിമാറ്റത്തിൽ പി.സി. ചാക്കോ അനാവശ്യ ചർച്ചയുണ്ടാക്കുകയാണെന്നായിരുന്നു എ.കെ ശശീന്ദ്രന്‍റെ ആരോപണം. തുടക്കത്തിൽ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com