
പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും മുന്‍ എംഎല്‍എ പി.സി. ജോര്‍ജും തമ്മിൽ പൊതുവേദിയില്‍ വാക്കേറ്റം. പൂഞ്ഞാര്‍ തെക്കേക്കരയില്‍ സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര സഹ മന്ത്രി ജോര്‍ജ് കുര്യന്‍ വേദിയിലിരിക്കെയാണ് ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തത്.
മുണ്ടക്കയത്തെ ആശുപത്രിയില്‍ ഡോക്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മന്ത്രിയെ കണ്ടതുമായി ബന്ധപ്പെട്ട് പി.സി. ജോർജ് നടത്തിയ പരാമര്‍ശമാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. ഇവിടെ ആവശ്യമുള്ള കാര്യം പറഞ്ഞാല്‍ മതിയെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. എന്നാൽ പി.സി അതിന് തയ്യാറായില്ല. എനിക്കിഷ്ടമുള്ളത് പറയുമെന്നായിരുന്നു ജോര്‍ജ്ജിന്റെ മറുപടി. അതിനുള്ള വേദി ഇതല്ലെന്നായി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. എന്നാൽ ഇങ്ങനെയുള്ള വേദികളിലെ നിവേദനം നൽകാൻ എംഎൽഎയെ കിട്ടുവെന്ന് പി.സി. ജോർജ് തിരിച്ചടിച്ചു.
പൂഞ്ഞാറിലെ ആശുപത്രിയില്‍ ഉച്ച കഴിഞ്ഞ് ഒപിയില്ലെന്നും അതിന് നടപടി വേണമെന്നും തന്നെ കണ്ട് കിട്ടിയിട്ടുവേണ്ടെ ഇത് പറയാനെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ഒടുവിൽ സംഘാടകരെത്തി ഇരുവരെയും അനുനയിപ്പിക്കുകയായിരുന്നു.