
പി.സി. ജോർജിന്റെ 'ലൗ ജിഹാദ്' പ്രസംഗത്തിൽ കോഴിക്കോട് മുക്കം സ്വദേശി ശരീഫ് കാരമൂല നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ നിർദേശം. കോഴിക്കോട് റൂറൽ എസ്പിക്കാണ് അന്വേഷണം നടത്താൻ ഡിജിപി നിർദേശം നൽകിയത്. വിദ്വേഷ പ്രസംഗത്തിൽ പി.സി. ജോർജിനെതിരെ കേസ് എടുക്കണമെന്നും ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാണ് പി.സി. ജോര്‍ജ് വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതെന്നുമാണ് പരാതിയില്‍ പറയുന്നത്.
ലൗ ജിഹാദ് പരാമർശത്തിൽ പി.സി. ജോർജിനെതിരെ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും നേരത്തെ പരാതി നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദും ഈരാറ്റുപേട്ട യൂത്ത് ലീഗുമാണ് പരാതി നൽകിയത്. നിലവിലെ കേസിലെ ജാമ്യ വ്യവസ്ഥകൾ പി.സി ലംഘിച്ചുവെന്നും, വീണ്ടും നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പി.സിക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം.
ക്രിസ്ത്യാനികള്‍ 24 വയസിനു മുന്‍പ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ തയാറാകണമെന്നും 400 ഓളം പെണ്‍കുട്ടികളെ മീനച്ചില്‍ താലൂക്കില്‍ മാത്രം "ലൗ ജിഹാദി ലൂടെ നഷ്ടപ്പെട്ടുവെന്നുമായിരുന്നു പി.സിയുടെ പ്രസംഗം. ഇതിൽ 41 എണ്ണത്തിനെ മാത്രമാണ് തിരിച്ചുകിട്ടിയതെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു.
വിദ്വേഷ പരാമർശ കേസിൽ ജാമ്യത്തിൽ തുടരവേയാണ് വീണ്ടും സമാനമായ പരാമർശം നടത്തിയിരിക്കുന്നത്. വിദ്വേഷ പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് ജാമ്യ വ്യവസ്ഥയിൽ പി.സി. ജോർജിനോട് കോടതി നേരത്തെ നിർദേശിച്ചിരുന്നതാണ്. പാലാ ളാലത്ത് കെസിബിസി ലഹരി വിരുദ്ധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോർജ്. ഈരാറ്റുപേട്ടയില്‍ പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ കേരളം മുഴുവന്‍ കത്തിക്കാനുള്ളതുണ്ടെന്നും പി.സി. ജോർജ് പറഞ്ഞു. അത് എവിടെ കത്തിക്കാനുള്ളതാണെന്ന് അറിയാമെന്നും പക്ഷേ പറയുന്നില്ലെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു. ഇതിനെപ്പറ്റി അറിഞ്ഞിട്ടും എന്തുകൊണ്ട് മറച്ചുവെച്ചുവെന്നും ശരീഫ് കാരമൂല ചോദിക്കുന്നുണ്ട്.