മഅദനിക്കെതിരായ ആരോപണം അന്ധൻ ആനയെക്കണ്ട പ്രതിഭാസം; പി. ജയരാജന്‍റെ പുസ്തകം കത്തിച്ച് പിഡിപി

പുസ്തകം പൂർണ രൂപത്തിൽ പഠിച്ച ശേഷം അപവാദങ്ങൾക്ക് അക്കമിട്ട് മറുപടിപറയുമെന്നും പിഡിപി പറഞ്ഞു.
മഅദനിക്കെതിരായ ആരോപണം അന്ധൻ ആനയെക്കണ്ട പ്രതിഭാസം; പി. ജയരാജന്‍റെ പുസ്തകം കത്തിച്ച് പിഡിപി
Published on



സിപിഎം നേതാവ് പി. ജയരാജനെഴുതിയ കേരളം മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകം കത്തിച്ച് പ്രതിഷേധവുമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി. ഇന്ന് പ്രകാശനം ചെയ്ത പുസ്തകമാണ് കത്തിച്ചത്. മഅദനിക്കെതിരായ പി. ജയരാജന്റെ തീവ്രവാദ ആരോപണം അന്ധൻ ആനയെക്കണ്ട പ്രതിഭാസമാണെന്നും പിഡിപി പറഞ്ഞു.

മഅദനിക്ക് ജയരാജന്റെ ഗുഡ് സർട്ടിഫിക്കറ്റ് വേണ്ട. മഅദനിക്കെതിരെ കേരളത്തിൽ ഒരു കേസ് പോലും നിലനിൽക്കുന്നില്ല. ഇടതുപക്ഷ നേതാവ് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും പിഡിപി വിമർശിച്ചു. പി. ജയരാജൻ പറഞ്ഞത് സിപിഎം അഭിപ്രായമാണെങ്കിൽ സെക്രട്ടറി പറയണം. പുസ്തകം പൂർണ രൂപത്തിൽ പഠിച്ച ശേഷം അപവാദങ്ങൾക്ക് അക്കമിട്ട് മറുപടിപറയുമെന്നും പിഡിപി. തെളിവുകൾ നിരത്തി പരസ്യ സംവാദത്തിനും പിഡിപി വെല്ലുവിളിച്ചു.

ഇങ്ങനെ ഒരു ചരിത്രം എഴുതാൻ പി ജയരാജന് എന്ത് യോഗ്യതയാണ് ഉള്ളത്?ഒറ്റപ്പാലത്ത് മഅദനി 1993ൽ ഇടത് മുന്നണിക്കായി പ്രചാരണം നടത്തി ഇ.എം.എസ് മഅദനിയെ ഗാന്ധിജിയോടാണ് ഉപമിച്ചത്.  സംഘപരിവാർ പരാമർശങ്ങളെ സാധൂകരിക്കുന്ന ഇടതുപക്ഷ നിലപാടിനോട് ശക്തമായ വിയോജിപ്പാണെന്നും പി ഡി പി ജനറൽ സെക്രട്ടറി വി.എം. അലിയാർ പറഞ്ഞു.

ഇന്നാണ് സിപിഎം നേതാവ് പി. ജയരാജനെഴുതിയ കേരളം മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. കോഴിക്കോട് വച്ചാണ് പുസ്‌‌തക പ്രകാശനം നടന്നത്. ജയരാജന്‍റെ വിലയിരുത്തലുകൾ വ്യക്തിപരമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

ഓരോ പുസ്തക രചയിതാവിനും അവരുടെ പുസ്തകത്തെ കുറിച്ച് തന്‍റേതായ അഭിപ്രായങ്ങൾ ഉണ്ടാകും. ആ അഭിപ്രായമുള്ളവരേ ആ പുസ്‌തകം പ്രകാശനം ചെയ്യാവൂ എന്ന നിർബന്ധമില്ല. പുസ്തകം പൂർണമായും വായിച്ചിട്ടില്ല, അതുകൊണ്ട് തന്നെ പുസ്തകത്തിലെ എല്ലാ പരാമർശങ്ങളും താൻ പങ്കുവെയ്ക്കുന്നു എന്ന അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com