
പീച്ചി ഡാം അനിയന്ത്രിതമായ അളവില്‍ തുറന്ന് രാത്രിയില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തൃശൂർ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് ഉത്തരവിട്ടത്. ഡാം മാനേജ്‌മെന്‍റില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ് അന്വേഷിക്കും.
വൃഷ്ടി പ്രദേശത്ത് കനത്ത് മഴയുണ്ടായതാണ് ഡാമില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. ജൂലൈ 29ന് പീച്ചി ഡാമിന്‍റെ 30 സെ.മീ മാത്രം ഉയര്‍ത്താന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ രാത്രി മഴ ശക്തി പ്രാപിച്ചതോടെ ജലനിരപ്പ് ഉയർന്നു. ഇതിനെ തുടര്‍ന്നാണ് ഡാമിന്‍റെ ഷട്ടറുകള്‍ 180 സെ.മീ വരെ ഉയര്‍ത്തിയത്. ഇതോടെ, മണലിപ്പുഴയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. പല പ്രദേശങ്ങളും വെള്ളപ്പൊക്കം മൂലം ഒറ്റപ്പെട്ടു. പുതുക്കാട്, നെന്മണിക്കര, തൃക്കൂര്‍, അളകപ്പാ നഗര്‍ പഞ്ചായത്തുകളില്‍ ഇതുവരെ വെള്ളക്കെട്ട് മാറിയിട്ടില്ല. ഇന്നലെ വൈകിട്ട് മുഴുവന്‍ മഴ മാറി നിന്നത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്.
തൃശൂര്‍ ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയില്‍ 128 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2532 കുടുംബങ്ങളിലെ
7106 ആളുകളെ മഴക്കെടുതി പ്രദേശങ്ങളില്‍ നിന്നും മാറ്റി താമസിപ്പിച്ചു.