
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിൻ്റെ സമ്മർദ്ദത്തെത്തുടർന്നാണെന്ന് ചൂണ്ടികാട്ടി അന്വേഷണസംഘം ഹൈക്കോടയിൽ റിപ്പോർട്ട് നൽകി.
പന്തീരാംകാവ് ഗാർഹിക പീഡന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി രാഹുൽ പി. ഗോപാൽ നൽകിയ ഹർജി തളളണമെന്നാണ് പൊലീസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. യുവതി പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് ഭർത്താവായ രാഹുലിനെതിരെ പരാതി നൽകിയതെന്നും റിപ്പോർട്ടിലുണ്ട്. കേസെടുത്തതിന് പിന്നാലെ രാഹുൽ ജർമനിയിലേക്ക് കടന്നിരുന്നു. രാഹുലിൻ്റെ പാസ്പോർട്ട് കണ്ടുകെട്ടാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.
തന്‍റെ വീട്ടുകാരുടെ സമ്മർദ്ദത്തെത്തുടർന്നാണ് ഭർത്താവിനെതിരെ പരാതി നൽകിയതെന്ന് യുവതി പിന്നീട് പറഞ്ഞിരുന്നതായും പൊലീസ് റിപ്പോർട്ടിലുണ്ട്. രാഹുലിൻ്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ സംഭവത്തിൽ സർക്കാറിന്‍റെ വിശദീകരണം തേടിയിരുന്നു. തുടർന്നാണ് കോഴിക്കോട് അസി. കമ്മിഷണർ സാജു കെ. എബ്രാഹാം കോടതിയിൽ റിപ്പോർട്ട് നൽകിയത്.
ഭർത്താവുമായുള്ള തർക്കങ്ങൾ പരിഹരിച്ചെന്നും സ്വകാര്യ തർക്കമായതിനാൽ ഇതിന് പൊതുതാൽപര്യമില്ലെന്നും യുവതിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. രാഷ്ട്രീയമായും അല്ലാതെയും സ്വാധീനമുള്ള വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് തെറ്റായ മൊഴി നൽകിയതെന്ന പരാതിക്കാരിയുടെ വാദം പൊലീസ് നിഷേധിച്ചു. പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുമ്പോൾ പെൺകുട്ടിയുടെ ദേഹത്ത് മുറിവുകളുണ്ടായിരുന്നു. ഇപ്പോൾ മൊഴിമാറ്റിയത് രാഹുലിൻ്റെ സമ്മർദ്ദം മൂലമാണെന്നും അതിനാൽ കേസ് റദ്ദാക്കരുതെന്നുമാണ് പൊലീസിൻ്റെ ആവശ്യം.