
ദേശാഭിമാനി ലേഖനം സിപിഎമ്മിനുള്ള ബൂമറാങ്ങാണെന്ന് ലീഗ് മുഖപത്രം 'ചന്ദ്രിക'. ലീഗ് നേതാക്കളുടെ പ്രസ്താവനകളെ പാർട്ടി വളച്ചൊടിക്കുന്നെന്നും സിപിഎം പറയുന്നതെല്ലാം വിശ്വസിക്കാൻ കേരളത്തിലെ ജനങ്ങൾ മണ്ടന്മാരല്ലെന്നും ലേഖനത്തൽ പറയുന്നു. 'ലീഗിൻ്റെ ചുവടുമാറ്റവും സിപിഎം നിലപാടും' എന്ന പേരിൽ അച്ചടിച്ചു വന്ന ദേശാഭിമാനി മുഖപ്രസംഗത്തിന് മറുപടിയുമായാണ് ചന്ദ്രിക രംഗത്തെത്തിയിരിക്കുന്നത്.
ദേശാഭിമാനിക്ക് മറുപടിയെന്നോണം 'സിപിഎമ്മിൻ്റെ ചുവടുമാറ്റവും മുസ്ലീം ലീഗ് നിലപാടും' എന്നാണ് ചന്ദ്രികയുടെ മുഖപ്രസംഗത്തിൻ്റെ തലക്കെട്ട്. ഇന്ത്യയിൽ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ലീഗിന് മറ്റേതെങ്കിലും സംഘടനകളുടെ മുദ്രാവാക്യം ഏറ്റെടുക്കേണ്ട ഗതികേടില്ല. സിപിഎം പറഞ്ഞാൽ അത് വിശ്വസിക്കാൻ മാത്രം മണ്ടന്മാരല്ല ജനങ്ങളെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
മലബാറിനെ പ്രത്യേക സംസ്ഥാനമാക്കണമെന്ന വാദം ലീഗ് ഒരിടത്തും ഉന്നയിച്ചിട്ടില്ല. സമസ്ത നേതാവ് അങ്ങനെ ഒരു ആവശ്യം ഉന്നയിക്കുകയല്ല, മറിച്ച് അങ്ങനെ ആരെങ്കിലും ഉന്നയിച്ചാൽ അവരെ കുറ്റം പറയാൻ ആകില്ല എന്നാണ് അഭിപ്രായപ്പെട്ടത്. പണ്ട് മലപ്പുറം ജില്ല രൂപീകരിക്കുന്ന സമയത്തുണ്ടായ അതേ ഫോബിയയാണ് മലബാർ സംസ്ഥാനമെന്ന് കേട്ടപ്പോഴേക്കും അത് ലീഗിനുമേൽ കെട്ടാനുള്ള ഈ പ്രേരണയ്ക്ക് പിന്നിലെന്നും ലേഖനത്തിൽ പറയുന്നു.
മുസ്ലീം സംഘടനകൾക്കിടയിൽ ഭിന്നതയുണ്ടാക്കി വോട്ട് പിടിക്കാം എന്ന വ്യാമോഹം ചീട്ടുകൊട്ടാരം പോലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊളിഞ്ഞു. അതിൻ്റെ ഇച്ഛാഭംഗം സിപിഎമ്മിനുണ്ട്. ആ ചൊരുക്കാണ് ഇപ്പോൾ പല രൂപത്തിൽ പുറത്തുവരുന്നതെന്നും ലേഖനത്തിൽ വിമർശിച്ചിരിക്കുന്നു.
അതേസമയം മുസ്ലീം സമുദായ പ്രീണനം സിപിഎം നടത്തുന്നുവെന്ന പ്രചരണങ്ങളുടെ മുനയൊടിക്കുകയും മുസ്ലീംലീഗിനോട് ഇനി മൃദുസമീപനമില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന ലേഖനമായിരുന്നു കഴിഞ്ഞ ദിവസം ദേശാഭിമാനിയിൽ അച്ചടിച്ചു വന്നത്. ഭരണഘടനയും റിപ്പബ്ലിക്കും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി സിപിഎം സ്വീകരിക്കുന്ന ന്യൂനപക്ഷ സംരക്ഷണ നിലപാടിനെ ആരെങ്കിലും തെറ്റായി മനസിലാക്കിയിട്ടുണ്ടെങ്കിൽ ആ തെറ്റിദ്ധാരണ നീക്കാൻ പാർട്ടി ശ്രമിക്കുമെന്ന സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ലേഖനത്തിൻ്റെ തുടർച്ചയാണ് ദേശാഭിമാനി മുഖപ്രസംഗം.