
കേന്ദ്ര സര്‍ക്കാരിന്റെ കടല്‍ ഖനന നീക്കത്തിനെതിരെ സംസ്ഥാനത്തിന്റെ തെക്കന്‍ തീരമേഖലകളിലെ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല മുതല്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വരെ നീണ്ട് കിടക്കുന്ന കൊല്ലം പരപ്പാണ് ഖനന മേഖല. സമ്പന്നമായ മത്സ്യബന്ധന കേന്ദ്രങ്ങളില്‍ ഖനനം നടത്തിയാല്‍ മത്സ്യ സമ്പത്ത് ഇല്ലാതാകുമെന്ന ആശങ്കയിലാണ് തീരം.
അന്താരാഷ്ട്ര തലത്തില്‍ ആവശ്യപ്പെടുന്ന ചെമ്മീന്‍ ഇനങ്ങളായ ഭീമന്‍ കടുവ കൊഞ്ച്, കരിക്കാടി ചെമ്മീന്‍ എന്നിവയുള്‍പ്പെടെ വാണിജ്യാടിസ്ഥാനത്തില്‍ വിലപിടിപ്പുള്ള സമുദ്ര വിഭവങ്ങളാല്‍ നിറഞ്ഞ പ്രദേശമാണ് കൊല്ലം പരപ്പ്. കിംഗ് ഫിഷ്, പിങ്ക് പെര്‍ച്ച്, ആങ്കോവി, മത്തി, അയല തുടങ്ങിയ മത്സ്യങ്ങളുടെ ഒരു പ്രധാന ഉറവിട കേന്ദ്രവും ഇവിടമാണ്. മത്സ്യത്തൊഴിലാളികളും അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമടക്കം ലക്ഷക്കണക്കിന് ആളുകളെയാണ് ഖനനം ബാധിക്കുന്നത്. സമുദ്ര ജൈവവൈവിധ്യത്തെയും ആവാസ വ്യവസ്ഥയെയും ബാധിക്കുന്ന ഖനന നീക്കം ഏത് വിധേയേനേയും ചെറുക്കാനാണ് സംയുക്ത മത്സ്യ തൊഴിലാളി സംഘടനകളുടെ തീരുമാനം.
നിരവധി ഇനം കടല്‍ മത്സ്യങ്ങളും ആഴക്കടല്‍ ചെമ്മീനും ഉള്ള പ്രദേശമാണ് കൊല്ലം പരപ്പ്. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ധാരാളം യന്ത്രവത്കൃത കപ്പലുകളും മെഷ് ഗില്‍ നെറ്റ് ബോട്ടുകളുടേയും പ്രധാന കേന്ദ്രമാണിവിടം.
85 കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പ്രദേശത്ത് ബ്ലൂ ഇക്കണോമി പദ്ധതിയുടെ മറവിലാണ് ധാതുമണല്‍ ഖനനം നടത്താനുള്ള നീക്കം ഖനനം ആരംഭിച്ചാല്‍ മത്സ്യങ്ങളുടെ കൂട്ടക്കുരുതി സംഭവിക്കുമെന്നും മേഖലയിലുള്ളവര്‍ പറയുന്നു.