
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ 'സര്‍ക്കാര്‍ - സംഘടന' പരാമര്‍ശത്തിനെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് . യോഗി ആദിത്യനാഥ് നേതൃത്വം കൊടുക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിനുള്ളിലെ പടലപ്പിണക്കങ്ങളില്‍ ജനങ്ങള്‍ മടുത്തിരിക്കുകയാണെന്നും അഖിലേഷ് പറഞ്ഞു. "സര്‍ക്കാരിനുള്ളില്‍ പോരുനടക്കുകയാണ്. ബിജെപിക്കാര്‍ പരസ്പരം പോരടിക്കുകയാണ്. ജനങ്ങള്‍ക്ക് അഴിമതികളെപ്പറ്റി ബോധ്യമുണ്ട്. അവര്‍ക്ക് ഈ കസേരകളി മടുത്തു", അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സംസ്ഥാന ബിജെപി വര്‍ക്കിങ് കമ്മിറ്റി മീറ്റിങ്ങില്‍ നടത്തിയ പ്രസംഗമാണ് സര്‍ക്കാരിനുള്ളിലെ അസ്വാരസ്യങ്ങളെപ്പറ്റിയുള്ള സൂചനകള്‍ നല്‍കിയത്."സര്‍ക്കാരിനെക്കാള്‍ വലുതാണ് സംഘടന. ആരും സംഘടനയെക്കാള്‍ വലുതല്ല", മൗര്യ വര്‍ക്കിങ് കമ്മിറ്റി മീറ്റിങ്ങില്‍ പറഞ്ഞു. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയെ കണ്ടതിനു ശേഷം മൗര്യ നടത്തിയ പരാമർശം ആദിത്യനാഥിനെ ഉദ്ദേശിച്ചായിരുന്നുവെന്ന് പരക്കെ ആരോപണങ്ങള്‍ വന്നിരുന്നു. 2022ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കേശവ് പ്രസാദ് മൗര്യ തോറ്റിരുന്നു. എന്നിട്ടും ബിജെപി മൗര്യയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കി. ഇപ്പോള്‍ മൗര്യ നിയമസഭ കൗണ്‍സില്‍ അംഗമാണ്.
അമിത ആത്മവിശ്വാസമാണ് ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോല്‍വിക്ക് കാരണമെന്നാണ് ബിജെപി സംസ്ഥാന നേതാക്കളുടെ മീറ്റിങ്ങില്‍ യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടത്. യുപിയിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിയെ നിരാശപ്പെടുത്തിയിരുന്നു. അതിനു ശേഷം സര്‍ക്കാരിനുള്ളില്‍ പോരുകള്‍ ആരംഭിച്ചതായാണ് പുറത്തു വരുന്ന വിവരങ്ങള്‍.
2019ല്‍ 62 സീറ്റ് കിട്ടിയ യുപിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും 33 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. ബിജെപിയുടെ ലോക്‌സഭ ഭൂരിപക്ഷത്തെ ഇത് സാരമായി ബാധിച്ചിരുന്നു. 37 സീറ്റുകള്‍ നേടി സമാജ്‌വാദി പാര്‍ട്ടി മുന്നേറ്റം നടത്തിയിരുന്നു. വരുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിജയം ആവര്‍ത്തിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് സമാജ്‌വാദ് പാര്‍ട്ടി.
വിഷയത്തെ ബിജെപി ലളിതമായാണ് കണ്ടിരിക്കുന്നത്. ഉത്തർപ്രദേശില്‍ ബിജെപിക്കുള്ളില്‍ പോരില്ലായെന്ന് കേന്ദ്ര മന്ത്രി ബി.എല്‍ വർമ പറഞ്ഞു.