
നിലമ്പൂരിൽ ജനങ്ങൾ പിണറായിസത്തിനെതിരെ വോട്ട് ചെയ്യുമെന്ന് പി.വി. അൻവർ. തൃണമൂൽ കോൺഗ്രസിൻ്റെയും പി.വി. അൻവറിൻ്റെയും യുഡിഎഫ് പ്രവേശനത്തിനെപ്പറ്റിയുള്ള നിർണായക ചർച്ചയ്ക്ക് മുന്നോടിയായാണ് അൻവറിൻ്റെ പ്രതികരണം. യുഡിഎഫ് പ്രവേശനവും നിലമ്പൂർ തെരഞ്ഞെടുപ്പും എല്ലാം ചർച്ച ചെയ്യും. അനൗദ്യോഗിക ചർച്ചയാണ്. കൂടുതൽ വിവരങ്ങൾ ചർച്ചയ്ക്കുശേഷം പറയും.
കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്ന ഉപാധികളെ കുറിച്ച് അറിയില്ല. സ്ഥാനാർഥിയെ തീരുമാനിക്കുന്നത് കോൺഗ്രസും യുഡിഎഫ് നേതൃത്വവുമാണ്. ആരെ മുൻനിർത്തിയാലും പിന്തുണയ്ക്കും. മുൻപ് സ്ഥാനാർഥി പേരുകൾ പറഞ്ഞത് രാഷ്ട്രീയ സാഹചര്യത്തിൻ്റെ ഭാഗമായി ആണെന്നും പി.വി. അൻവർ പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രമേശ് ചെന്നിത്തല എന്നിവരുമായി തിരുവനന്തപുരത്തുവച്ചാണ് അൻവർ ഇന്ന് കൂടിക്കാഴ്ച നടത്തുക. ഉപതെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് പ്രവേശനം വേണമെന്ന നിലപാടിലാണ് അൻവർ. എന്നാൽ തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൻ്റെ ഭാഗമാക്കാനാകില്ല എന്ന നിലപാടാണ് കോൺഗ്രസിൻ്റേത്. ഇക്കാര്യത്തിൽ സമവായമുണ്ടാക്കാനായില്ലെങ്കിൽ പി.വി. അൻവർ നിർണായക തീരുമാനങ്ങളിലേക്ക് പോകുമെന്നാണ് അറിയുന്നത്.