
വന്യജീവി ആക്രമണം കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുന്നുവെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. ശാസ്ത്രീയമായ രീതിയില്‍ പ്രതിരോധ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വനാതിര്‍ത്തിയിലുള്ള ജില്ലകളിലെ ജനങ്ങള്‍ വന്യജീവി ആക്രമണം കാരണം പൊറുതിമുട്ടിയിരിക്കുകയാണെന്നും, ഈ സാഹചര്യത്തില്‍ ഫലപ്രദമായ പ്രതിരോധ നടപടി സ്വീകരിക്കുമോയെന്ന തോമസ് കെ തോമസ് എംഎല്‍എയുടെ ചോദ്യത്തിനാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ മറുപടി പറഞ്ഞത്.
വന്യമൃഗങ്ങളുടെ സാന്നിധ്യം മുന്‍കൂര്‍ ആയി അറിയിക്കുന്നതിനായി ഒരു വാണിംഗ് സിസ്റ്റം വനത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ നേരത്തെ നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജനവാസ മേഖലകളിലും വിനോദ സഞ്ചാര മേഖലകളിലും അപകട മുന്നറിയിപ്പ് നല്‍കുന്നതിനായി കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തിയും നാട്ടിലിറങ്ങുന്ന മൃഗങ്ങളെ സുരക്ഷിതമായി തിരിച്ചയക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. ഇതിനായി വാച്ചര്‍മാരെ നിയമിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.
വന്യജീവി ആക്രമണം ഉണ്ടാകുമ്പോള്‍ കൂട് വെച്ച് പിടിക്കുക മാത്രമല്ല വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പരിഹസിച്ചു. വന്യജീവികളുടെ ജനനനിയന്ത്രണം അനിവാര്യമെന്നും അതിന് സമഗ്രമായ നയം വേണമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മത്സ്യബന്ധന യാനങ്ങളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്നുവെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇതു കാരണം മത്സ്യം ലഭിക്കാതെ മത്സ്യത്തൊഴിലാളികള്‍ ബുദ്ധിമുട്ടുന്നു.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തെക്കാള്‍ പിന്നോക്ക അവസ്ഥയിലുള്ളവരാണ് മത്സ്യത്തൊഴിലാളികളെന്ന് സജി ചെറിയാന്‍ പറഞ്ഞു. അവരെ സാമൂഹികമായും സാമ്പത്തികമായും ഉയര്‍ത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ അതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും.10,000 കോടിയോളം രൂപ രണ്ടു സര്‍ക്കാരുടെ കാലത്തായി മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും, അത് വിട്ടുവീഴ്ചയില്ലാതെ തുടരുമെന്ന് മന്ത്രി സജി ചെറിയാനും പറഞ്ഞു.