
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുനരാരംഭിക്കണമെന്ന് ജനകീയ കമ്മിറ്റി. സൂചിപ്പാറ മുതൽ ചാലിയാർ വരെ വീണ്ടും തെരച്ചിൽ നടത്തണമെന്നാണ് ആവശ്യം. ദുരന്തബാധിതരായ മുഴുവൻ ആളുകളുടേയും പുനരധിവാസം ഉറപ്പാക്കണമെന്നും ജനകീയ കമ്മിറ്റി ആവശ്യപ്പെട്ടു.
ഉരുൾപൊട്ടലിൽ കാണാതായവർക്കായി തെരച്ചിൽ പുനരാരംഭിക്കണം, പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകണം, തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കണം, ഓട്ടോ-ടാക്സി തൊഴിലാളികൾ, വളർത്തുമൃഗങ്ങൾ നഷ്ടമായവർ എന്നിവർക്ക് നഷ്ടപരിഹാരം ഉറപ്പ് വരുത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനകീയ കമ്മിറ്റിക്ക് രൂപം നൽകിയിരിക്കുന്നത്. പുത്തുമലയിലെ പൊതു ശ്മാശനത്തിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കണണമെന്നും ശ്മശാനം സ്മാരകമായി പ്രഖ്യാപിക്കണം എന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ചൂരൽമല, മുണ്ടക്കൈ, അട്ടമല വാർഡുകളിലെ ജനങ്ങളുടെ കടങ്ങൾ എഴുതി തള്ളണം, ലയങ്ങളിൽ താമസിച്ചവരേയും പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളും ജനകീയ കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നുണ്ട്.
അതേസമയം, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ആഘാതം കുറയ്ക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ലെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ പറഞ്ഞു. ദുരന്തനിവാരണ സമിതിയോ അഡ്‍വൈസറി കമ്മിറ്റിയോ ആവശ്യമായ നടപടികൾ കൈക്കൊണ്ടില്ലെന്നും അമിക്കസ് ക്യൂറി കുറ്റപ്പെടുത്തി. 231 പേര്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടതായാണ് സര്‍ക്കാരിന്‍റെ കണക്ക്. 190 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.