
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി. കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡൻ്റ് രാജൻ പെരിയ, മണ്ഡലം പ്രസിഡൻറുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന രണ്ടംഗ അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസിലെ 13-ാം പ്രതി എൻ ബാലകൃഷ്ണൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപിയാണ് കെപിസിസിക്ക് പരാതി നൽകിയത്. വിവാഹ ചടങ്ങിൽ നേതാക്കൾ പങ്കെടുത്തത് ഗുരുതര തെറ്റാണെന്നും നേതാക്കളുടെ ആത്മവീര്യം തകർക്കുന്ന നടപടിയാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ജില്ലയിലെ രക്തസാക്ഷി കുടുംബങ്ങളെ നേതൃത്വം അവഗണിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, സംഭവത്തിൽ നേതാക്കൾക്കെതിരെ ആരോപണവുമായി ബാലകൃഷ്ണന്‍ പെരിയ രംഗത്തെത്തി. രാജ് മോഹന്‍ ഉണ്ണിത്താന്‍ നടത്തുന്ന നീക്കമാണ് എല്ലാത്തിനും പിന്നിലെന്നും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് കെ സി വേണുഗോപാല്‍ പറഞ്ഞിട്ടാണെന്നും അദ്ദേഹം ആരോപിച്ചു. ഉണ്ണിത്താൻ പ്രശ്നങ്ങൾ വഷളാക്കുകയാണ്. രാഷ്ട്രീയം കലരാത്ത കല്ല്യാണം ഞങ്ങളെ രക്തസാക്ഷികളാക്കി.പെരിയ കേസില്‍ ഉണ്ണിത്താന്‍ നയാപൈസ ചെലവാക്കിയിട്ടില്ലെന്നും ബാലകൃഷ്ണൻ പെരിയ പറഞ്ഞു.