
കാസർഗോഡ് പെരിയയിലെ കേന്ദ്ര സർവകലാശാലയിൽ സ്ഥിരം വൈസ് ചാൻസലർ ഇല്ലാതായിട്ട് ഒന്നര വർഷം തികയുന്നു. വിസിയായിരുന്ന പ്രൊഫസർ എച്ച്. വെങ്കടേശ്വർ അന്തരിച്ചതിനെ തുടർന്നാണ് കേന്ദ്ര സർവകലാശാലയിൽ ഒഴിവ് രേഖപ്പെടുത്തിയത്. പട്ടിക തയ്യാറാക്കിയെങ്കിലും നിയമന തീരുമാനം വൈകുകയാണ്.
പെരിയ ഉൾപ്പെടെ രാജ്യത്തെ പത്തിലേറെ കേന്ദ്ര സർവകലാശാലകളിലും വിസി തസ്തിക ഒരു വർഷമായി ഒഴിഞ്ഞുകിടക്കുന്ന സ്ഥിതിയാണ് ഉള്ളത്. വിസി നിയമനത്തിന് 2023 ഡിസംബർ, 2024 ജനുവരി മാസങ്ങളിലായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരുന്നു. യുജിസി മുൻ ചെയർമാൻ പ്രൊഫ. ഡി.പി. സിങ് അധ്യക്ഷനായ സമിതി വൈസ് ചാൻസലർ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന അഞ്ച് പേരുടെ പട്ടിക കഴിഞ്ഞ ജൂൺ 28ന് വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറിയിരുന്നു. എന്നാൽ മന്ത്രാലയത്തിൻ്റെ തീരുമാനം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പട്ടികയിൽ ഒരാൾ കണ്ണൂർ സർവകലാശാലയുമായി ബന്ധപ്പെട്ടുള്ള മലയാളിയാണ്. ആന്ധ്ര, കർണാടക, ജമ്മു എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ, ഇതിൽ ഒരാൾക്ക് മറ്റൊരു സർവകലാശാലയിൽ നിയമനം നൽകിയതിനാൽ ഇനി പെരിയയിലേക്ക് പരിഗണിക്കില്ല. ഫിസിക്സ് വിഭാഗം പ്രൊഫസർ വിൻസൻ്റ് മാത്യുവിനാണ് താൽക്കാലിക ചുമതല. ഇദ്ദേഹത്തിന് അധ്യാപന ചുമതലകൾ കൂടി ഉള്ളതിനാൽ ക്ലറിക്കൽ കാര്യങ്ങൾ വൈകുകയാണ്.
പെരിയ സർവകലാശാലയ്‌ക്കൊപ്പം, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി കൊൽക്കത്തയിലെ വിശ്വഭാരതി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, ഗുജറാത്ത് കേന്ദ്ര സർവകലാശാല, ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി, അംബേദ്‌കർ യൂണിവേഴ്‌സിറ്റി, രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി ഹിന്ദി വിശ്വവിദ്യാലയ, ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി, ഗഡ്‌വാളിലെ എച്ച്.എൻ. ബഹുഗുണ യൂണിവേഴ്‌സറ്റി എന്നീ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും താൽക്കാലിക വിസിമാരാണ് ഭരിക്കുന്നത്. നയപരമായ തീരുമാനമെടുക്കാൻ താൽക്കാലിക ചുമതല വഹിക്കുന്ന വൈസ് ചാൻസലർമാർക്ക് അധികാരമില്ലാത്തതിനാൽ യൂണിവേഴ്സിറ്റിയുടെയെല്ലാം പ്രവർത്തനം പ്രതിസന്ധിയിലാണ്.