
പെരിയാർ മത്സ്യക്കുരുതിയിൽ കർഷകർക്ക് ഉണ്ടായത് 41 കോടി 85 ലക്ഷം രൂപയുടെ നഷ്ടമാണെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. സർക്കാർ അനുവദിച്ച 13 കോടി 85 ലക്ഷം രൂപ അപര്യാപ്തമെന്നും റിപ്പോർട്ടിൽ പറയുന്നു. മത്സ്യകർഷകർക്ക് മാത്രം 31 കോടി രൂപയുടെയും, തൊഴിലാളികൾക്ക് 10 കോടി രൂപയുടെയും നഷ്ടമുണ്ടായി. മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ വിലയിരുത്തൽ അശാസ്ത്രീയമെന്നും വിദഗ്ധ സമിതി റിപ്പോർട്ടിൽ പറഞ്ഞു. പെരിയാർ മത്സ്യക്കുരുതി വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
കഴിഞ്ഞ ദിവസമാണ് വിദഗ്ധസമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. പെരിയാറിലെ മാലിന്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ദേശീയ ഹരിത ട്രിബ്യൂണൽ അടക്കം ഉത്തരവിട്ട നിർദേശങ്ങൾ നടപ്പാക്കിയിട്ടില്ലെന്ന് റിപ്പോർട്ട് പുറത്തുവിടുന്നതിന് മുന്നോടിയായി സ്ഥലം സന്ദർശിച്ച ശേഷം സമിതി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാസം 20നാണ് പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയത്. ജലത്തിൽ അമോണിയയും സൾഫൈഡും അപകടകരമായ അളവിൽ ഉണ്ടെന്ന് കുഫോസ് നടത്തിയ പ്രാഥമിക പരിശോധനയിൽ അന്ന് തന്നെ വ്യക്തമായിരുന്നു. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ റിപ്പോർട്ട് പ്രകാരം ജലത്തിലെ ഓക്സിജൻ അളവിലെ വ്യതിയാനമാണ് കാരണമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനു പിന്നാലെ ഹൈക്കോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു.