
'ദ ഹിന്ദു' ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിനെതിരെ ഹര്‍ജി. മലപ്പുറത്തെ അപകീർത്തിപ്പെടുത്തും വിധത്തിൽ മുഖ്യമന്ത്രി പ്രതികരണം നടത്തിയെന്ന പേരിലാണ് അഭിമുഖം വിവാദമായത്. ഭാരതീയ ന്യായ സംഹിത 196 പ്രകാരം രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അഡ്വ. ബൈജു നോയലാണ് എറണാകുളം സിജെഎം കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
അതേസമയം, ദി ഹിന്ദു അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രി മറുപടിയുമായി രംഗത്തുവന്നിരുന്നു. താനോ സർക്കാരോ പിആർ ഏജൻസിയെ വാർത്ത നൽകാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്നും, ആർക്കും പണം നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
"അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ഹരിപ്പാട് മുന്‍ എംഎല്‍എ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യൻ ആണ്. ഇന്‍റര്‍വ്യൂവിനെത്തിയത് ആദ്യം രണ്ടുപേരായിരുന്നു. പിന്നീട് ഒരാള്‍ എത്തി. അയാള്‍ അരമണിക്കൂറോളം ഇരുന്നു. എന്നാൽ ആരാണെന്നറിയില്ല. മാധ്യമ സംഘത്തിലെ ആളാണെന്ന് വിചാരിച്ചു. സുബ്രഹ്മണ്യൻ വഴി ദി ഹിന്ദു ഇങ്ങോട്ട് അഭിമുഖത്തിനു സമീപിക്കുകയായിരുന്നു," മുഖ്യമന്ത്രി പറഞ്ഞു.
ഹിന്ദുവിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. തനിക്ക് എന്തായാലും പിആർ ഏജൻസി ഇല്ല. പറയാത്ത കാര്യങ്ങൾ അഭിമുഖത്തിൽ അച്ചടിച്ചു വന്നു. ജില്ലാ അടിസ്ഥാനത്തിൽ എടുത്താലും ജനസംഖ്യാ അടിസ്ഥാനത്തിൽ എടുത്താലും മലപ്പുറം ജില്ലയിലാണ് കേസ് കൂടുതൽ എന്ന് പറയാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദ അഭിമുഖം സംബന്ധിച്ച തെറ്റിദ്ധാരണ 'ദി ഹിന്ദു' പത്രം തിരുത്തിയത് മാന്യമായ നിലപാടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.