"കൊതുകിനെ കൊടുത്താൽ പൈസ നേടാം"; വിചിത്ര പ്രഖ്യാപനവുമായി ഫിലിപ്പീനിയൻ ഗ്രാമം

കൊതുകിനെ ജീവനോടെയോ അല്ലാതെയോ ലാ‍ർവയായോ ഒക്കെ പിടികൂടി അധികൃതരെ ഏൽപ്പിച്ചാൽ മതി, പ്രതിഫലം റെഡി
"കൊതുകിനെ കൊടുത്താൽ പൈസ നേടാം"; വിചിത്ര പ്രഖ്യാപനവുമായി ഫിലിപ്പീനിയൻ ഗ്രാമം
Published on

കൊതുകിനെ പിടിക്കുന്നതിന് പ്രതിഫലം നൽകാൻ തുടങ്ങിയിരിക്കുകയാണ് ഫിലിപ്പീൻസിലെ ഒരു ​ഗ്രാമം. കൊതുകിനെ ജീവനോടെയോ അല്ലാതെയോ ലാ‍ർവയായോ ഒക്കെ പിടികൂടി അധികൃതരെ ഏൽപ്പിച്ചാൽ മതി, പ്രതിഫലം റെഡി.

ഫിലിപ്പീൻസിലെ മന്‍ഡലുയോങ് സിറ്റിയിൽ കഴിഞ്ഞ കുറച്ച് നാളായി ഡെങ്കിപ്പനി കേസുകൾ വ‍ർധിച്ചു വരികയായിരുന്നു. ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം ഫെബ്രുവരി 1 വരെ ഫിലിപ്പീൻസിൽ 28,000ത്തിലധികം ഡെങ്കിപ്പനി കേസുകളെങ്കിലും റിപ്പോ‍‍ർട്ട് ചെയ്തു. അതായത്, കഴിഞ്ഞ വ‍ർഷത്തെ അപേക്ഷിച്ച് 40% കൂടുതൽ. പത്തോളം പേ‍ർ അസുഖത്തെ തുട‍ർന്ന് മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഗ്രാമം പുതിയ നീക്കവുമായി രം​ഗത്തെത്തിയത്.

പിടിച്ച കൊതുകിനെ പെട്ടിയിലോ കവറിലോ ഒക്കെയാക്കി ഇവിടെ കൊണ്ടുവന്ന് നൽകണം. അഞ്ച് കൊതുകിന് ഒരു പെസോ വച്ചാണ് പ്രതിഫലം നൽകുക. ജനങ്ങളിൽ അവബോധം വള‍ർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. എന്തായാലും പ്രഖ്യാപനം വന്നതോടെ കൊതുക് പിടിത്തക്കാരുടെ നീണ്ട നിരയാണ് ഇങ്ങോട്ട് എത്തുന്നത്. ഇതിനകം 700 ഓളം കൊതുകുകളും ലാർവകളും കൊണ്ടുവന്ന് ആളുകൾ തങ്ങളുടെ പ്രതിഫലവുമായി മടങ്ങിയിട്ടുണ്ട്. സംഭവം വ‍ർക്കായി, പക്ഷെ ഒരു ചിന്ന ടെൻഷൻ, ഇനി ഏതെങ്കിലും വിരുതന്മാ‍ർ കൊതുക് കൃഷി എങ്ങാനും തുടങ്ങുവോ ആവോ..!

ഏതായാലും ഡെങ്കി വ്യാപനത്തിൻ്റെ സാഹചര്യത്തിൽ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക, കൊതുക് പെരുകാൻ സാധ്യതയുള്ള ടയറുകൾ നശിപ്പിക്കുക, നീളൻ കൈയുള്ള ഷർട്ടുകളും ട്രൗസറുകളും ധരിക്കുക, കൊതുകു നിവാരണ മരുന്ന് പ്രയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ പൊതുജനങ്ങളോട് വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com