കാട്ടുതീ അണയ്ക്കാന്‍ വെള്ളത്തേക്കാള്‍ ഫലപ്രദം; എന്താണ് ലോസ് ആഞ്ചലസില്‍ ഉപയോഗിക്കുന്ന പിങ്ക് പൗഡര്‍?

വെള്ളം ആവിയായി പോവുന്ന പോലെ പെട്ടെന്ന് ഈ പൊടി ആവിയായി പോവില്ലെന്നതാണ് ഫോസ് ചെക്കിന്റെ പ്രധാനപ്പെട്ട ഗുണങ്ങളില്‍ ഒന്ന്.
കാട്ടുതീ അണയ്ക്കാന്‍ വെള്ളത്തേക്കാള്‍ ഫലപ്രദം;  എന്താണ് ലോസ് ആഞ്ചലസില്‍ ഉപയോഗിക്കുന്ന പിങ്ക് പൗഡര്‍?
Published on
Updated on


ലോസ് ആഞ്ചലസിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. തീ അണയ്ക്കുന്നതിന്റെ ഭാഗമായി വലിയ അളവില്‍ ഹെലികോപ്റ്ററുകള്‍ വഴി വെള്ളം സ്‌പ്രേ ചെയ്യുന്നതിന്റേയടക്കം വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ കാണുന്നുണ്ട്. എന്നാല്‍ തീ അണയ്ക്കുന്നതിനായി പിങ്ക് നിറത്തിലുള്ള ഒരു പൊടി വിതറുന്നതും അത് ആളുകളുടെ വീടുകള്‍ക്കും കാറുകള്‍ക്കും മുകളില്‍ തങ്ങി നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ലോസ് ആഞ്ചലസിലെ ജനതയ്ക്ക് ഇന്ന് ഇത് ഒരു സ്ഥിരം കാഴ്ചയായി മാറിയിട്ടുമുണ്ട്. 

എന്താണ് പിങ്ക് പൗഡർ ?

അമേരിക്കയില്‍ 1963 മുതല്‍ തന്നെ തീ പടരുന്നത് തടയുന്നതിനായി ഉപയോഗിക്കുന്ന ഫോസ് ചെക്ക് എന്ന വസ്തുവാണ് ഈ പിങ്ക് നിറത്തിലുള്ള പൊടി. പെരിമീറ്റര്‍ സൊലൂഷന്‍സ് എന്ന കമ്പനിയാണ് ഫോസ് ചെക്ക് ഉല്‍പാദിപ്പിക്കുന്നത്. തീ പടര്‍ന്നു പിടിക്കുന്നത് തടയുന്നതിനായി ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വസ്തുവാണ് ഇത്.

ഈ പൊടി വീണു കിടക്കുന്ന സ്ഥലം, വീട്, വാഹനങ്ങള്‍ തുടങ്ങിയവ പെട്ടെന്ന് കണ്ടു പിടിക്കാനും ആളുകളെ രക്ഷിക്കാനും സാധിക്കുമെന്നതിനാലുമാണ് ഇതിന് നിറം നല്‍കിയിരിക്കുന്നതെന്ന് ഉല്‍പ്പാദകര്‍ പറയുന്നത്. ദിവസങ്ങളോളം സൂര്യ വെളിച്ചം തട്ടുന്നതിനനുസരിച്ച് ഈ പൊടിയുടെ നിറം മങ്ങുകയും സാധാരണ നിറത്തിലേക്ക് മാറുകയും ചെയ്യും.



എങ്ങനെയാണ് ഇത് തീ പിടിക്കുന്നത് തടയുന്നത്?


തീപിടിക്കുന്നിടത്ത് നേരിട്ട് ഈ പൊടി വിതറുന്നതിന് പകരമായി തീപിടിക്കുന്നത് തടയാനായി മുന്‍കൂട്ടി ഈ പൊടി വിതറിയിടാറുണ്ട്. തീ കത്താന്‍ സഹായിക്കുന്ന വാതകമായ ഓക്‌സിജനെ തടയുകയാണ് പ്രധാനമായും ഇത് ചെയ്യുന്നത്. മാത്രമല്ല, തീ കത്തിപടരുന്നതിന്റെ വേഗം കുറയ്ക്കാനും ഈ പൊടി സഹായിക്കുന്നു.

ഉപ്പും അമോണിയം പോളിഫോസ്‌ഫേറ്റുമാണ് ഇതിലെ പ്രധാന ഘടകങ്ങള്‍. വലിയ വെല്ലുവിളി നേരിടുന്ന പ്രദേശങ്ങളില്‍ വെള്ളത്തേക്കാള്‍ ഉപകാരപ്രദമാണ് ഫോസ് ചെക്ക്. വെള്ളത്തേക്കാള്‍ ദീര്‍ഘനേരം ഇത് നില്‍ക്കുമെന്നും വെള്ളം ആവിയായി പോവുന്ന പോലെ പെട്ടെന്ന് ഈ പൊടി ആവിയായി പോവില്ലെന്നതുമാണ് ഫോസ് ചെക്കിന്റെ പ്രധാനപ്പെട്ട ഗുണങ്ങളില്‍ ഒന്ന്.


എന്നാല്‍ ഇതിന് ചില പരിമിതികളും ഉണ്ട്. വലിയ തോതില്‍ കാറ്റ് വീശുന്ന സമയങ്ങളില്‍ ഹെലികോപ്റ്ററുകള്‍ വഴി ഈ പൊടി വിതറാന്‍ ശ്രമിക്കുന്നത് ചിലപ്പോള്‍ ഫലപ്രദമാവണമെന്നില്ല. ഇത്തരം ഘട്ടങ്ങളില്‍ പൊടി വീഴുമ്പോള്‍ തന്നെ അത് ചിതറി പോവുകയും കൃത്യമായി തീ കുറയ്‌ക്കേണ്ടിടത്ത് എത്താതിരിക്കുകയും ചെയ്‌തേക്കാം.

ഫോസ് ചെക്കിന്‍റെ വെല്ലുവിളികൾ

കാട്ടു തീ പോലെ അപകടകരമായ രീതിയില്‍ തീ പടന്നു പിടിക്കുന്ന സ്ഥലങ്ങളില്‍ ഫോസ് ചെക്ക് പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഫലപ്രദമാണെങ്കിലും മനുഷ്യരുടെ ആരോഗ്യവും ആവാസ വ്യവസ്ഥയും സംബന്ധിച്ച് ചില ആശങ്കകള്‍ പരിസ്ഥിതി വിദഗ്ധര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത്തരം കെമിക്കലുകള്‍ പരിസ്ഥിതിക്ക് വലിയ ഭീഷണിയാണെന്നാണ് വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നത്.


വര്‍ഷാവര്‍ഷവും ലക്ഷക്കണക്കിന് ഗാലണ്‍ പദാര്‍ഥങ്ങളാണ് കാട്ടുതീയണയ്ക്കുന്നതിനും മറ്റുമായി പ്രദേശത്ത് ഹെലികോപ്റ്ററുകള്‍ വഴി വിതറുന്നത്. ഇത് വന്യജീവികളുടെ ആരോഗ്യത്തിനും മനുഷ്യരുടെ ആരോഗ്യത്തിനും ഹാനികരമാകുന്ന, നദികളും പുഴകളും മറ്റും ഇത്തരം കെമിക്കലുകള്‍ വീണ് മലിനമാകുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com