പൊതുസ്ഥലത്ത് അനുമതിയില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

പരാതിയിൽ പറയുന്ന ആംഗ്യങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ളതാണെന്നും പ്രതിക്കെതിരെ പ്രോസിക്യൂഷൻ നടപടി തുടരാമെന്നും കോടതി വ്യക്തമാക്കി
പൊതുസ്ഥലത്ത് അനുമതിയില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി
Published on


പൊതുസ്ഥലത്ത് അനുമതിയില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. പൊതുസ്ഥലത്തോ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യ സ്ഥലത്തോ വെച്ച് സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളുടേയോ സ്വകാര്യ പ്രവൃത്തിയുടേയോ ചിത്രമെടുക്കുന്നതാണ് കുറ്റകരമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. വീടിന് മുന്നിൽ നിന്നിരുന്ന സ്ത്രീയുടെ  ഫോട്ടോയെടുക്കുകയും അശ്ലീല അംഗവിക്ഷേപങ്ങൾ കാട്ടുകയും ചെയ്തെന്ന കേസിൽ നോർത്ത് പറവൂർ സ്വദേശികൾക്കെതിരായ കുറ്റങ്ങൾ ഭാഗികമായി റദ്ദാക്കിയ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.

അതേസമയം, പരാതിയിൽ പറയുന്ന ആംഗ്യങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ളതാണെന്നും പ്രതിക്കെതിരെ പ്രോസിക്യൂഷൻ നടപടി തുടരാമെന്നും കോടതി വ്യക്തമാക്കി. ഐപിസി പ്രകാരമുള്ള 509 (സ്ത്രീത്വത്തെ അപമാനിക്കൽ), 354C (ഒളിഞ്ഞുനോട്ടം) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ പ്രതികളുടെ ഫോണിൽ പരാതിക്കാരിയുടെ ഫോട്ടോകൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

കാറിലെത്തിയ രണ്ടു പുരുഷന്മാർ വീടിന് മുന്നിലെത്തി ഫോട്ടോ എടുത്തെന്നും ലൈംഗിക ചേഷ്ടകൾ കാണിച്ചെന്നും ആരോപിച്ച് പറവൂർ നന്ത്യാട്ടുകുന്നം സ്വദേശിനിയായ സിന്ധു വിജയകുമാർ നോർത്ത് പറവൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസ് തള്ളണമെന്ന ആവശ്യപ്പെട്ട് കേസിലെ പ്രതിയായ അജിത് പിള്ള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർണായകമായ നിരീക്ഷണം നടത്തിയത്.


2022 മെയ് മൂന്നിന് വൈകീട്ട് 4.30നാണ് പരാതിക്ക് ആസ്പദമായ സംഭവം. വീടിന് മുന്നിൽ നിന്ന പരാതിക്കാരിയുടെയും വീടിൻ്റെയും ഫോട്ടോ കാറിലെത്തിയ ഒന്നും രണ്ടും പ്രതികൾ എടുക്കുകയായിരുന്നു. ഫോട്ടോ എടുത്ത സംഭവം ചോദ്യം ചെയ്തു പരാതിക്കാരി കാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ കാറിലിരുന്ന പ്രതികൾ അശ്ലീല ആംഗ്യങ്ങൾ കാണിച്ചെന്നാണ് പരാതി.

എന്നാൽ, നന്ത്യാട്ടുകുന്നം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന പരാതിക്കാരിയുടെ പ്രവർത്തികൾ ചോദ്യം ചെയ്തതിനാലുള്ള വൈരാഗ്യം നിമിത്തമാണ് ഇത്തരമൊരു പരാതി നൽകിയതെന്നും പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com