
കസ്റ്റഡിയിലെടുക്കുന്ന വ്യക്തിയെ പൊലീസ് സ്റ്റേഷനിൽ ശാരീരിക പീഡനത്തിനിരയാക്കുന്നത് പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി കാണാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം സംഭവങ്ങളിൽ പൊലീസിന് നിയമത്തിന്റെ സംരക്ഷണം ആവശ്യപ്പെടാനാവില്ല. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂർ എസ്ഐ സമർപിച്ച ഹർജി തള്ളിയാണ് കോടതിയുടെ നീരീക്ഷണം.
2008ൽ സ്ത്രീയെ ആക്ഷേപിച്ചെന്ന പരാതിയിൽ അനീഷ് കുമാർ എന്നയാളെ നിലമ്പൂർ എസ്ഐ സി. അലവി പൊലീസ് സ്റ്റേഷനിൽ വെച്ച് അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്നാണ് കേസ്. ഇതേ സ്റ്റേഷനിലെ വനിതാ പൊലീസ് കോൺസ്റ്റബിളായ അനീഷിന്റെ സഹോദരി ഇടപെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മജിസ്ടേറ്റിന് അനീഷ് നൽകിയ പരാതിയിൽ എസ്ഐക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടു. ഇതിനെതിരെയാണ് എസ്ഐ ഹൈക്കോടതിയെ സമീപിച്ചത്.
കസ്റ്റഡിയിലെടുത്തയാളെ മർദിച്ച കേസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് ക്രിമിനൽ നടപടി ചട്ടത്തിൻ്റെ സെക്ഷൻ 197 പ്രകാരം പ്രോസിക്യൂഷൻ നടപടികളിൽ നിന്നും സംരക്ഷണം ആവശ്യപ്പെടാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ശാരീരികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രവൃത്തികൾക്ക് നിയമത്തിന്റെ സംരക്ഷണം അവകാശപ്പെടാനാവില്ലെന്ന് ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 (ബി) , 323, 324 , 341 എന്നീ വകുപ്പുകൾ പ്രകാരമാണ് എസ്ഐക്കെതിരെ കേസെടുത്തത്. പൊതു ക്രമസമാധാന പാലനത്തിൻ്റെ ഭാഗമായി ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായി കേരള സർക്കാർ 1977ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൻ്റെ ആനുകൂല്യവും കുറ്റാരോപിതനായ പൊലീസുകാരന് നൽകാനാവില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.