
പൈലറ്റ് ടേക്ക് ഓഫ് ചെയ്യാൻ വിസമ്മതിച്ചതോടെ ഇൻഡിഗോ വിമാനത്തിന്‍റെ സർവീസ് വൈകി. പൂനെ-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന വിമാനമാണ് അഞ്ച് മണിക്കൂർ വൈകിയത്. വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കഴിഞ്ഞ മാസം അവസാനം നടന്ന സംഭവം ചർച്ചയായത്. അപ്രതീക്ഷിതമായി വിമാനം അഞ്ച് മണിക്കൂർ വൈകിയതിന്‍റെ കടുത്ത രോഷത്തില്‍ പ്രതിഷേധിക്കുന്ന യാത്രക്കാരെ ദൃശ്യങ്ങളില്‍ കാണാം.
ഡ്യൂട്ടി സമയം അവസാനിച്ചെന്നും അതിനാൽ വിമാനം ഡേക്ക് ഓഫ് ചെയ്യാൻ സാധിക്കില്ലെന്നും പൈലറ്റ് നിലപാടെടുക്കുകയായിരുന്നു. ഇതുമൂലം അർധരാത്രി 12.45ന് പുറപ്പെടേണ്ട പൂനെ -ബെംഗളൂരു ഇൻഡിഗോ വിമാനം ടേക്ക് ഓഫ് ചെയ്തത് രാവിലെ 5.44നാണ്. 6.50നാണ് വിമാനം ബെംഗളൂരുവിൽ ലാൻഡ് ചെയ്തത്.
Also Read: ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നതിനെതിരെ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രം
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പൈലറ്റിന്‍റെയും ക്രൂവിൻ്റെയും ഡ്യൂട്ടി റെഗുലേറ്റേഴ്സ് വേൾഡ് വൈഡാണ് നിശ്ചയിക്കുന്നത്. പൈലറ്റുമാർ ഡ്യൂട്ടി സമയം കഴിഞ്ഞും ജോലിയിൽ തുടർന്നാൽ ഡിജിസിഎ പിഴ ചുമത്തുകയും അത് അവരുടെ ലൈസൻസിനെ പോലും ബാധിക്കുകയും ചെയ്യും. സുരക്ഷ മുൻനിർത്തിയുള്ള പൈലറ്റിന്‍റെ നടപടിയെ വിമർശിക്കരുതെന്നും വ്യോമയാന വിദഗ്ധൻ സഞ്ജയ് ലാസർ വ്യക്തമാക്കി. സംഭവത്തില്‍ എയർലൈൻസ് യാത്രക്കാർക്ക് നഷ്ടപരിഹാരമോ വിശ്രമത്തിന് അവസരമോ നൽകിയില്ലെന്നും ആരോപണമുണ്ട്.