ആഭ്യന്തര മന്ത്രിയുടെ കസേരയിലിരിക്കാൻ പിണറായി വിജയന് യോഗ്യതയില്ല, വകുപ്പ് നിയന്ത്രിക്കുന്നത് ഉപജാപക സംഘം: കെ സുധാകരൻ

എഡിജിപിക്കെതിരായ പി വി അൻവറിന്റെ ആരോപണത്തിന്റെ മുന നീളുന്നത് ഓഫീസിലേക്കാണ്
ആഭ്യന്തര മന്ത്രിയുടെ കസേരയിലിരിക്കാൻ പിണറായി വിജയന് യോഗ്യതയില്ല, വകുപ്പ് നിയന്ത്രിക്കുന്നത് ഉപജാപക സംഘം: കെ സുധാകരൻ
Published on

ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. മുഖ്യമന്ത്രി നോക്കുകുത്തിയാണെന്നും ഭരിക്കുന്നത് ഉപജാപക സംഘമാണെന്നും വ്യക്തമാക്കുന്നതാണ് ഭരണകക്ഷി എംഎല്‍എയും എസ്.പിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു. എഡിജിപിക്കെതിരായ പി വി അൻവറിന്റെ ആരോപണത്തിന്റെ മുന നീളുന്നത് ഓഫീസിലേക്കാണ്.

എല്‍ഡിഎഫ് എംഎല്‍എയുമായി എസ്.പി നടത്തിയ സംഭാഷണത്തില്‍ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപിക്കെതിരായ വെളിപ്പെടുത്തലുകളും ഗൗരവകരമാണ്. എഡിജിപിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തി ഈ ആരോപണങ്ങളില്‍ അന്വേഷണം നടത്തണം.ആഭ്യന്തരമന്ത്രിയുടെ കസേരയിലിരിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നേതൃത്വം നല്‍കുന്ന ഉപജാപക സംഘമാണ് ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്നത്. ഭരണകക്ഷി എംഎല്‍എയും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധബന്ധത്തിന് തെളിവാണ് പുറത്തുവന്ന ഫോണ്‍സംഭാഷണം.നിയമത്തോടും ജനങ്ങളോടും കടപ്പാട് പുലര്‍ത്തേണ്ട ഉദ്യോഗസ്ഥനാണ് തന്നെ സഹായിച്ചാല്‍ എംഎല്‍എയ്ക്ക് ആജീവനാന്തം വിധേയനായിരിക്കുമെന്ന് പറയുന്നത്. ഇതുപോലുള്ള ഉദ്യോഗസ്ഥര്‍ പൊലീസ് സേനയ്ക്ക് തന്നെ അപമാനമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഭരണകക്ഷി എംഎല്‍എയ്ക്കുപോലും രക്ഷയില്ല. ആ സ്ഥിതിക്ക് സാധാരണ ജനങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ? പൊലീസിനെ സിപിഎം രാഷ്ട്രീയവത്കരിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍. സിപിഎമ്മിലെയും പൊലീസിലേയും ലോബിയാണ് സംസ്ഥാനം ഭരിക്കുന്നത്. പരിതാപകരവും പരിഹാസ്യവുമായ അവസ്ഥയാണിതെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി.

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാംപ് ഓഫീസുമായി ബന്ധപ്പെട്ട മരംമുറി വിവാദത്തെ തുടർന്ന് എസ്പി സുജിത് ദാസും പിവി അൻവർ എംഎൽഎയുമായി നടന്ന ഫോൺ സംഭാഷണത്തിലാണ് എഡിജിപി അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാൽ അജിത് കുമാർ പൊലീസിൽ സർവശക്തനാണ് എന്നായിരുന്നു സുജിത് ദാസിൻ്റെ ആരോപണം.


Also Read: മലപ്പുറം എസ്‌പി ഓഫീസിലെ മരംമുറി: പി.വി. അൻവറിനെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമം നടത്തി എസ്‌പി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com