രണ്ടാം പിണറായി വിജയൻ സർക്കാർ നാലാം വർഷത്തിലേക്ക്; വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ കാസർഗോഡ്

നാളെ കാലിക്കടവിൽ മുഖ്യമന്ത്രി പിണറായി വിജയൻ  വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും
രണ്ടാം പിണറായി വിജയൻ സർക്കാർ നാലാം വർഷത്തിലേക്ക്; വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ കാസർഗോഡ്
Published on

സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനൊരുങ്ങി കാസർഗോഡ്. നാളെ കാലിക്കടവിൽ മുഖ്യമന്ത്രി പിണറായി വിജയൻ  വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. നാളെ മുതൽ മെയ് 30 വരെയാണ് വാർഷികാഘോഷ പരിപാടികൾ. എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ ഉദ്ഘാടനവും നാളെ നടക്കും. തുടർന്ന് കാഞ്ഞങ്ങാട് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രി സംവദിക്കും. 500 പേർ പരിപാടിയിൽ പങ്കെടുക്കും.

അതേസമയം, സ‍ർക്കാരിൻ്റെ നാലാം വാ‍ർഷികത്തോട് അനുബന്ധിച്ച് നേട്ടങ്ങൾ എണ്ണി പറഞ്ഞ് രണ്ടാം പിണറായി സർക്കാരിന്റെ ലഘുലേഖ പുറത്തിറക്കി. കഴിഞ്ഞ ഒൻപത് വർഷത്തെ പിണറായി വിജയൻ സർക്കാരിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും അധികം നിയമനങ്ങൾ നടത്തുന്നത് കേരളത്തിലെ പിഎസ്‌സിയാണ്. നോ‍ർക്ക വിദേശ റിക്രൂട്ട്മെൻ്റിൽ മുന്നിൽ നിൽക്കുന്നു. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾ വള‍ർച്ച കൈവരിച്ചു. ഇ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കി. സമ​ഗ്ര ഭൂവിവരം ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി. 2024ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് സൂചികയിൽ കേരളം ഒന്നാമതെത്തി. 2025ഓടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും ലഘുലേഖയിൽ പറയുന്നു.

രാജ്യത്തെ ഭക്ഷ്യസുരക്ഷാ സൂചികയിൽ 2024ൽ രണ്ടാം തവണയും കേരളം ഒന്നാമതെത്തി. ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ്. സംസ്ഥാനത്ത് 98.52 ശതമാനം ടൗണുകളും മാലിന്യമുക്തമാക്കി. രാജ്യത്ത് ഉന്നതവിദ്യാഭ്യാസം നേടുന്നവരുടെ എണ്ണത്തിലും നിലവാരത്തിലും കേരളം ഒന്നാം സ്ഥാനത്താണ്. പവ‍ർകട്ടും ലോഡ്ഷെഡിങ്ങും പൂർണമായും ഒഴിവാക്കി. വിവിധ മേഖലകളിൽ മിനിമം വേതനം നടപ്പിലാക്കി. അടിസ്ഥാന വികസനത്തിൽ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങൾ സ‍ർക്കാർ കൈവരിച്ചു തുടങ്ങിയ കാര്യങ്ങളും ലഘുലേഖയിൽ പറയുന്നു. നേട്ടങ്ങൾ പലതും കൈവരിച്ചെങ്കിലും ഇനിയും മുന്നേറാൻ ഉണ്ടെന്നും ലഘുലേഖയിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com