കേരളത്തിൻ്റെ മുഖ്യമന്ത്രിക്കസേരയിൽ 3247 ദിവസം; ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായവരുടെ പട്ടികയിൽ പിണറായി രണ്ടാമൻ

2364 ദിവസം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ്റെ റെക്കോർഡാണ് 2022 നവംബർ 14ന് പിണറായി വിജയൻ മറികടന്നത്.
കേരളത്തിൻ്റെ  മുഖ്യമന്ത്രിക്കസേരയിൽ 3247 ദിവസം; ഏറ്റവും കൂടുതൽ കാലം  മുഖ്യമന്ത്രിയായവരുടെ പട്ടികയിൽ പിണറായി രണ്ടാമൻ
Published on

കേരളത്തിൻ്റെ മുഖ്യമന്ത്രിക്കസേരയിൽ ഏറ്റവും കൂടുതൽ നാൾ ഇരുന്നവരുടെ പട്ടികയിൽ ഇനി പിണറായി വിജയൻ രണ്ടാമൻ. 3246 ദിവസം മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ ഇന്ന് പിണറായി മറികടന്നു. 4009 ദിവസം മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരാണ് പട്ടികയിലെ ഒന്നാമൻ.


നാലു തവണ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ ആ പദവിയിൽ ഇരുന്നത് 3246 ദിവസം. എന്നാൽ ഇന്ന്, അതായത് 2025 ഏപ്രിൽ 15ന് 3247 ദിവസം പൂർത്തിയാക്കി പിണറായി വിജയൻ കരുണാകരനെ മറികടന്നു. മൂന്നുതവണകളിലായി 4009 ദിവസം മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരാണ് ഇനി പിണറായിക്ക് മുന്നിലുള്ളത്. തുടർഭരണത്തിന് തുടർച്ചയെന്ന ഇടതു ക്യാമ്പുകളുടെ പ്രചാരണം സത്യമായാൽ, പിണറായി മുഖ്യമന്ത്രിക്കസേരയിൽ ഹാട്രിക്കടിച്ചാൽ നായനാരെയും മറികടന്ന് പട്ടികയിൽ ഒന്നാമനാകും.

സംസ്ഥാനത്ത് ഇതുവരെ 12 പേരാണ് മുഖ്യമന്ത്രിമാരായിട്ടുള്ളത്. അതിൽ തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന റെക്കോർഡും പിണറായി വിജയന്റെ പേരിലാണ്. 2364 ദിവസം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ്റെ റെക്കോർഡാണ് 2022 നവംബർ 14ന് പിണറായി വിജയൻ മറികടന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം കാവൽമുഖ്യമന്ത്രിയായിരുന്ന റെക്കോർഡും പിണറായിയുടെ പേരിലാണ്, 17 ദിവസം.


രണ്ട് തവണകളിലായി 2459 ദിവസമാണ് ഉമ്മൻചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. എ കെ ആന്റണി 2177 ദിവസവും വി എസ് അച്യുതാനന്ദൻ 1826 ദിവസും മുഖ്യമന്ത്രിമാരായി ഇരുന്നിട്ടുണ്ട്. 54 ദിവസം മാത്രം മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന സി എച്ച് മുഹമ്മദ് കോയയാണ് പട്ടികയിലെ അവസാന പേരുകാരൻ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com