
കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോടതികളോട് സംഘപരിവാറിന് നിഷേധാത്മക നിലപാടെന്നും പിഎസ്‌സിയോടും ഇതേ സമീപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പി.എസ്.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മണിപ്പൂർ കലാപത്തിൽ കേന്ദ്രസർക്കാർ പ്രതികരിക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു. "മണിപ്പൂർ കലാപത്തിൽ രാജ്യം എങ്ങോട്ടാണ് നീങ്ങുന്നത്.രാജ്യം ഭരിക്കുന്നവർക്ക് ഇതിനുള്ള ഉത്തരവാദിത്തം എത്ര വലുതാണ്. എന്നാൽ ഒരു പ്രസ്താവന പോലും അതിൽ നടത്താൻ അവർക്കു കഴിയുന്നില്ല. പൗരത്വ നിയമത്തിൽ പാർലമെൻ്റിനെയും കോടതിയെയും നോക്കുകുത്തിയാക്കുന്നു".- മുഖ്യമന്ത്രി പറഞ്ഞു.
"ഗോ സംരക്ഷകർ എന്ന പേരിൽ രാജ്യത്ത് കൊലപാതകങ്ങൾ നടക്കുന്നു. 12ആം ക്ലാസ് വിദ്യാർഥിയെ വെടിവെച്ചു കൊലപ്പെടുത്തി. ഗോ സംരക്ഷകർ എന്ന പേരിൽ വർഗീയ തീവ്രവാദികളാണ് കൊല നടത്തിയത്. പത്ത് വർഷത്തിനിടെ 60 കൊലപാതകങ്ങളാണ് നടന്നത്. ഇതിനെക്കുറിച്ച് സംസാരിക്കാനോ അപലപിക്കാനോ ഉത്തരവാദിത്തപ്പെട്ടവർ തയാറാകുന്നില്ല".- മുഖ്യമന്ത്രി കുറ്റപ്പെടുത്തി.