
സിപിഐഎമ്മിൻ്റെ പുതിയ ആസ്ഥാന മന്ദിരം ഏപ്രിൽ 23ന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയനാകും ഉദ്ഘാടനം നിർവഹിക്കുക. ഒൻപത് നിലകളും രണ്ട് പാർക്കിങ് ഏരിയകളുമാണ് കെട്ടിടത്തിനുളളത്. പ്രശസ്ത വാസ്തു ശില്‍പ്പി എന്‍. മഹേഷാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിയമങ്ങൾക്കും ചട്ടങ്ങൾക്കും ബാധകമായാണ് നിർമാണം നടത്തിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. പുറത്തുനിന്ന് വരുന്ന പോളിറ്റ് ബ്യൂറോ അംഗങ്ങൾക്കുൾപ്പടെ അത്യാവശ്യത്തിന് മാത്രം താമസ സൗകര്യമാകും കെട്ടിടത്തിലുണ്ടാവുകയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പുതിയ എകെജി സെൻ്ററിൻ്റെ നിറത്തെപ്പറ്റി ഉയർന്ന ചർച്ചകൾക്കും സംസ്ഥാന സെക്രട്ടറി മറുപടി നൽകി. അത് ആധുനിക കളറാണ്. പാർട്ടി കളർ ചുവപ്പ് ആണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? കെട്ടിട നിർമാണത്തിന് എത്ര രൂപ ചെലവായെന്ന് പറയാൻ ആയിട്ടില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. എകെജി പഠന ഗവേഷണ കേന്ദ്രം വിപുലമാക്കും. ഇപ്പോഴത്തെ എകെജി സെൻ്റർ ഗവേഷണത്തിന് എല്ലാവിധ സൗകര്യങ്ങളോടുമുള്ള സംവിധാനമായി മാറുമെന്നും അറിയിച്ചു. കേരളം ഉൾപ്പെടെയുള്ള ഏത് സംസ്ഥാനത്തിൽ നിന്നും സിപിഐഎമ്മിന് ജനറൽ സെക്രട്ടറി ഉണ്ടാകാമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ നിന്ന് ജനറൽ സെക്രട്ടറിയുണ്ടായാൽ അത് അഭിമാനകരമായ കാര്യമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന 'മാലിന്യ മുക്ത കേരളം' ക്യാംപയിൻ നടക്കുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു. എല്ലാ ബ്രാഞ്ചുകളുടെയും നേതൃത്വത്തിലാകും ക്യാംപെയിൻ സംഘടിപ്പിക്കുക. പൊതുസ്ഥലങ്ങൾ മുഴുവൻ മാലിന്യമുക്തമാക്കാൻ നടപടിയുണ്ടാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ആരോഗ്യമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ പോയതല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. മാധ്യമങ്ങൾ വാർത്ത നേരത്തെ കൊടുത്തു. തലേ ദിവസം തന്നെ മന്ത്രിയെ കാണാൻ അനുവാദം ചോദിച്ചിരുന്നു. മന്ത്രി പോയ ഉദ്ദേശ്യത്തിന്റെ ഒപ്പം ഇതും കൂടെ ചേർത്തുവെന്നും കാണാൻ തയ്യാറാകാത്ത കേന്ദ്രമന്ത്രിയെ കുറിച്ച് ആർക്കും യാതൊരു വിമർശനവുമില്ലെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. സമരം നടത്താനുള്ള അവകാശം ജനാധിപത്യ അവകാശമാണെന്നും ആശാ പ്രവർത്തകരോട് പിരിഞ്ഞു പോകണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സിപിഐഎം സെക്രട്ടറി പറഞ്ഞു. ഒരു ശതമാനം മാത്രമേ ഉള്ളൂവെങ്കിലും സമരം ചെയ്യാനുള്ള അവകാശമുണ്ട്. സമരം ലക്ഷ്യം വയ്ക്കുന്നത് എന്താണെന്ന് സിപിഐഎമ്മിന് ധാരണയുണ്ട്. ഇടതുപക്ഷ,സർക്കാർ വിരുദ്ധ സമരമാക്കി മാറ്റാനാണ് ശ്രമം. ഒരു മഴവിൽ സഖ്യം ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. ആശാ വർക്കർമാരെ ഉപയോഗിച്ച് എസ്‌യുസിഐയും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മാധ്യമങ്ങളും കോൺഗ്രസും ബിജെപിയും എല്ലാം ചേർന്ന സഖ്യമാണിതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.