പ്രചരണങ്ങൾ വസ്തുതാ വിരുദ്ധം; സേവനങ്ങള്‍ നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ല: വീണാ വിജയൻ

സിഎംആര്‍എല്ലിന് സേവനം നൽകാതെയാണ് പണം കൈപ്പറ്റിയതെന്ന് വീണാ വിജയൻ സമ്മതിച്ചതായാണ് എസ്എഫ്ഐഒ അറിയിച്ചത്
പ്രചരണങ്ങൾ വസ്തുതാ വിരുദ്ധം; സേവനങ്ങള്‍ നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ല: വീണാ വിജയൻ
Published on

സിഎംആർഎൽ-എക്സാലോജിക് കേസിൻ്റെ മൊഴിയിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ. ഞാൻ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ, എക്സാലോജിക് സൊല്യൂഷൻസ് സേവനങ്ങൾ നൽകാതെ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റി എന്ന തരത്തിലുള്ള മൊഴി എസ്എഫ്ഐഒയ്ക്ക് നൽകിയിട്ടില്ലെന്ന് വാർത്താ കുറിപ്പിലൂടെ വീണ പ്രതികരിച്ചു.



താൻ നല്‍കിയ മൊഴിയില്‍ ഇപ്പോൾ പ്രചരിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഇല്ല. ഇത്തരം ചില വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. സിഎംആർഎല്ലിൽ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങൾ നൽകാതെ പണം കൈപ്പറ്റി എന്ന് ഞാൻ സ്റ്റേറ്റ്‌മെൻ്റ് നൽകി എന്ന പ്രചരണം തികച്ചും വസ്തുതാ വിരുദ്ധമാണെന്നും വീണ വ്യക്തമാക്കി.



വീണയുടെ മൊഴിയെന്ന പേരിൽ പ്രചരിക്കുന്ന വാർത്ത അസത്യമെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചിരുന്നു. സിഎംആർഎൽ കമ്പനിക്ക് സേവനം നൽകാതെയാണ് എക്സാലോജിക്ക് പണം വാങ്ങിയതെന്ന് എസ്എഫ്ഐഒയ്ക്ക് വീണ മൊഴി നൽകിയിട്ടില്ലെന്ന് മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.


സിഎംആര്‍എല്ലിന് സേവനം നൽകാതെയാണ് പണം കൈപ്പറ്റിയതെന്ന് വീണാ വിജയൻ സമ്മതിച്ചതായാണ് എസ്എഫ്ഐഒ അറിയിച്ചത്. സിഎംആർഎൽ ഐടി മേധാവിയും ഇക്കാര്യം സ്ഥിരീകരിച്ചെന്നും എസ്എഫ്ഐഒയുടെ കുറ്റപത്രത്തിൽ പറയുന്നു.വീണാ വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് എസ്എഫ്ഐഒ ചുമത്തിയിരിക്കുന്നത്.2024 ജനുവരിയില്‍ അന്വേഷണം ആരംഭിച്ച കേസിലാണ് 14 മാസങ്ങള്‍ക്കു ശേഷം കുറ്റപത്രം സമര്‍പ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com