മലയാളത്തിലെ നവതരംഗ സിനിമകളുടെ അമരക്കാരന്‍; മോഹന്‍ ഓർമയാകുന്നു

എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ തുടക്കത്തിലും മലയാളത്തിലെ ഏറ്റവും തിരക്കേറിയ സംവിധായകര്‍ക്ക് ഒപ്പമായിരുന്നു മോഹന്‍റെ സ്ഥാനം
മലയാളത്തിലെ നവതരംഗ സിനിമകളുടെ അമരക്കാരന്‍; മോഹന്‍ ഓർമയാകുന്നു
Published on

മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന എണ്‍പതുകളില്‍ ഭരതന്‍, പത്മരാജന്‍ തുടങ്ങിയ പ്രതിഭാശാലികള്‍ക്കൊപ്പം ചേര്‍ത്ത് പറയേണ്ട പേരാണ് സംവിധായകന്‍ മോഹന്‍റേത്. മാറ്റത്തിന്‍റെ പാതയിലേക്ക് നടന്നു തുടങ്ങിയ മലയാള സിനിമയ്ക്ക് ദൃശ്യഭാഷയുടെ മറ്റൊരു ലോകം സൃഷ്ടിക്കുകയായിരുന്നു മോഹന്‍ തന്‍റെ സിനിമകളിലൂടെ. പത്മരാജന്‍റെയും ജോണ്‍ പോളിന്‍റെയും തിരക്കഥകള്‍ മോഹന്‍ സിനിമയാക്കിയപ്പോള്‍ മലയാളിക്ക് ലഭിച്ചത് 'കൊച്ചു കൊച്ചു തെറ്റുകൾ', 'ശാലിനി എന്റെ കൂട്ടുകാരി', 'ഇടവേള', 'കഥയറിയാതെ', 'വിടപറയും മുമ്പേ', 'ആലോലം', 'ഇളക്കങ്ങൾ', 'രചന' തുടങ്ങിയ ഒരുപിടി നല്ല സിനിമകളാണ്. എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ തുടക്കത്തിലും മലയാളത്തിലെ ഏറ്റവും തിരക്കേറിയ സംവിധായകര്‍ക്ക് ഒപ്പമായിരുന്നു മോഹന്‍റെ സ്ഥാനം.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലായിരുന്നു പ്രീ-ഡിഗ്രി പഠനം. മദ്രാസിലെ ജെയ്ൻ കോളേജിൽ ബി.കോം പഠിക്കാൻ ചേർന്നതാണ് സിനിമയിലേക്കുള്ള വഴിയായത്. ഫോട്ടോഗ്രഫിയിലുള്ള മോഹന്‍റെ താല്‍പര്യം തിരിച്ചറിഞ്ഞ ക്രൈസ്റ്റ് കോളേജിലെ ലോനപ്പന്‍ എന്ന അധ്യാപകൻ, അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഉദയ കൃഷ്ണന്‍കുട്ടിക്കും സ്റ്റില്‍ ഫൊട്ടോഗ്രഫർ പി. ഡേവിഡിനും മോഹനെ പരിചയപ്പെടുത്തി.

അച്ഛന്റെ സുഹൃത്ത് പീതാംബരന്‍റെ അനുജനായ ശേഖര്‍ അക്കാലത്ത് സിനിമയില്‍ സജീവമായിരുന്നു. ശേഖറിലൂടെ പ്രശസ്ത സംവിധായകൻ എം. കൃഷ്ണന്‍ നായരെ പരിചയപ്പെട്ടു. പഠനത്തിനൊപ്പം സിനിമയും ഒന്നിച്ചുകൊണ്ട് പോകാനായിരുന്നു മോഹന് താല്‍പര്യം. അങ്ങനെ തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി. രാജ്, മധു, പി. വേണു, ഹരിഹരന്‍ എന്നിവരുടെയെല്ലാം സംവിധാന സഹായിയായി പ്രവർത്തിച്ചു. ഹരിഹരന്‍റെ 'രാജസിംഹാസനം' എന്ന സിനിമയില്‍ ഫസ്റ്റ് അസിസ്റ്റന്‍റായി.

1978ൽ 'വാടക വീട്' എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറി. പിന്നാലെ എത്തിയ 'രണ്ട് പെണ്‍കുട്ടികള്‍', 'ശാലിനി എന്റെ കൂട്ടുകാരി', 'വിടപറയും മുമ്പേ', 'ഇളക്കങ്ങള്‍' തുടങ്ങിയ ചിത്രങ്ങൾ സംവിധായകൻ എന്ന നിലയിൽ മോഹനെ അടയാളപ്പെടുത്തി. ശാലിനി എന്‍റെ കൂട്ടുകാരി എന്ന സിനിമ പഴയകാല നടി ശോഭയുടെ അഭിനയ സാധ്യതകളെ ഏറ്റവും നന്നായി ഉപയോഗിച്ച സിനിമയായി വിലയിരുത്തപ്പെട്ടു. സാമ്പത്തികമായും ചിത്രം മികച്ച വിജയം നേടി.

വിടപറയും മുമ്പേയിലൂടെ നെടുമുടി വേണുവിനെ ആദ്യമായി നായകനാക്കി. ഇടവേള എന്ന ചിത്രത്തിലൂടെ ഇടവേള ബാബുവിന്റെ അരങ്ങേറ്റത്തിനും കാരണമായി.  ഇളക്കങ്ങളിലെ കറവക്കാരന്‍റെ വേഷത്തിലൂടെ ഇന്നസെന്‍റിനെ ശ്രദ്ധേയനാക്കിയതിന് പിന്നിലും മോഹന്റെ കൈകളായിരുന്നു. പക്ഷെ ഈ പറഞ്ഞതിനൊന്നും ക്രെഡിറ്റ് അവകാശപ്പെടാനോ വാദിക്കാനോ മോഹന്‍ മുതിര്‍ന്നിട്ടുമില്ല.

ആലോലം, രചന, മംഗളം നേരുന്നു, തീര്‍ത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം തുടങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. 2005ൽ പുറത്തിറങ്ങിയ ‘ദി ക്യാംപസ്’ ആണ് മോഹന്‍റേതായി ഒടുവിലെത്തിയ ചിത്രം.

സംവിധായകനായി വീണ്ടും മടങ്ങിയെത്താന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ആരോഗ്യം അതിന് അനുവദിച്ചില്ല. 'എന്‍റെ സിനിമ എന്‍റേത് മാത്രമായിരിക്കും, ആര്‍ക്ക് വേണ്ടിയും അതില്‍ വെള്ളം ചേര്‍ക്കാനാവില്ല' എന്നതായിരുന്നു അവസാന കാലത്തും മോഹന് സിനിമയോട് ഉണ്ടായിരുന്ന സമീപനം. 'രണ്ട് പെണ്‍കുട്ടികള്‍' സിനിമയില്‍ നായികയായെത്തിയ അനുപമ ജീവിതത്തിലും മോഹന്‍റെ നായികയായി. പുരന്ധർ മോഹൻ, ഉപേന്ദർ മോഹൻ എന്നിവരാണ് മക്കള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com