
സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങളാണ് ഈ സർക്കാർ കാലത്ത് ഉയർന്നു വരുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി. വയനാട് ദുരന്തത്തിൽ പോലും സർക്കാറിന് കാര്യക്ഷമത ഇല്ലെന്ന് തെളിയിക്കുന്നതാണ് പുറത്തു വരുന്ന വിവരങ്ങളെന്നും ഇത്രയും നാണം കെട്ട സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
"വയനാട് ദുരന്തത്തിൽ കണ്ടെടുത്ത മുഴുവൻ മൃതദേഹങ്ങളും സംസ്കരിച്ചത് വൈറ്റ് ഗാർഡ് ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരാണ്. അതിൽ പഴകി ജീർണിച്ച മൃതദേഹങ്ങളുണ്ട്, ചിലരുടെ അവയവങ്ങൾ മാത്രമുണ്ട്, ശരീരാവശിഷ്ടങ്ങളുണ്ട്. എല്ലാം ഒരു മടിയും മടുപ്പും കൂടാതെ അർഹിക്കുന്ന ആദരവ് നൽകി അവർ മണ്ണിലേക്ക് ചേർത്തു വെച്ചു. ഒരു നയാ പൈസ പോലും വേതനം പറ്റിയിട്ടില്ല. എന്നാൽ, ശവസംസ്കാരത്തിന് 75,000 രൂപയാണ് കണക്കിൽ. ഇങ്ങനെ ഒരു എസ്റ്റിമേറ്റ് തന്നെ വരാൻ പാടില്ല." പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുണ്ടെക്കൈ - ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട സർക്കാരിൻ്റെ കണക്കുവിവരങ്ങൾ പുറത്തുവന്നതോടെ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. സന്നദ്ധപ്രവർത്തനങ്ങൾക്കെന്ന പേരിൽ ചിലവഴിക്കപ്പെട്ട കണക്കിൽ ക്രമക്കേട് നടന്നുവെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ, മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉൾപ്പെടുത്തി കേന്ദ്ര സർക്കാറിന് സമർപ്പിച്ച മെമ്മോറാണ്ടമാണ് ഹൈക്കോടതിയിൽ നൽകിയതെന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നൽകിയ വിശദീകരണം. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.