വെള്ളാപ്പള്ളിയുടെ മലപ്പുറത്തെ വിദ്വേഷപ്രസംഗം വ്യാഖ്യാനം കൊണ്ട് മാറ്റാനാകില്ല: പി.കെ. കുഞ്ഞാലിക്കുട്ടി

കേരളത്തിലെ ജനങ്ങൾ കേട്ട പ്രസ്താവനയാണ് വെള്ളാപ്പള്ളിയുടേത്. ആ പ്രസ്താവന പാർട്ടിയെ കുറിച്ചല്ല. പറഞ്ഞത് ജനം കേട്ടുവെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു
വെള്ളാപ്പള്ളിയുടെ മലപ്പുറത്തെ വിദ്വേഷപ്രസംഗം വ്യാഖ്യാനം കൊണ്ട് മാറ്റാനാകില്ല: പി.കെ. കുഞ്ഞാലിക്കുട്ടി
Published on

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ മലപ്പുറത്തെ വിദ്വേഷപ്രസംഗം വ്യാഖ്യാനം കൊണ്ട് മാറ്റാനാകില്ലെന്ന് മുസ്ലിംലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കേരളത്തിലെ ജനങ്ങൾ കേട്ട പ്രസ്താവനയാണ് വെള്ളാപ്പള്ളിയുടേത്. ആ പ്രസ്താവന പാർട്ടിയെ കുറിച്ചല്ല. പറഞ്ഞത് ജനം കേട്ടുവെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ലീഗിൻ്റെ മതേതരത്വം വെളിപ്പെടാൻ പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമില്ല. ലീഗിനെ കുറിച്ചാണ് പ്രസ്താവന എന്ന് കേട്ടാൽ ഭയപ്പെടുകയില്ല. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ ന്യായീകരിക്കരുതായിരുന്നു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസ്താവന ന്യായീകരിക്കുന്നത് തെങ്ങിൽ തേങ്ങ കക്കാൻ കയറി പിടിക്കപ്പെട്ടാൽ അപ്പുറത്തെ പറമ്പിലെ കുറുന്തോട്ടി നോക്കിയതാണെന്ന് പറഞ്ഞപോലെയെന്നും പി.കെ കുഞ്ഞാലികുട്ടി കൂട്ടിച്ചേ‍ർത്തു.

മുനമ്പം വിഷയത്തിൽ മുസ്‌ലിം ലീഗിന്റെ നിലപാട് ഉറച്ചതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. വഖഫിനെ ദേശീയ വിഷയമായാണ് കാണുന്നത്. വർഗീയത ഏത് ഭാഗത്തായാലും ലീഗ് പ്രോത്സാഹിപ്പിക്കില്ല. വഖഫ് നിയമത്തിന് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന അക്രമങ്ങളെയും വർഗീയതയെയും ന്യായീകരിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രസംഗം വിവാദമായപ്പോൾ മുസ്‍ലിം ലീഗുമായി സഹകരിക്കാതെ ആയപ്പോൾ തന്നെ മുസ്ലീം വിരോധിയാക്കിയെന്ന് വെള്ളാപ്പള്ളി വിശീകരണവുമായി രംഗത്ത് എത്തിയിരുന്നു. ലീഗാണ് തെറ്റിധാരണ പരത്തുന്നത്. മലപ്പുറത്തെ പ്രസംഗത്തെ ദുർവ്യാഖ്യാനം ചെയ്യുന്നുവെന്നും ആയിരുന്നു വെള്ളാപ്പള്ളിയുടെ വിശദീകരണം. ലീഗ് മുസ്ലിം സമുദായത്തിൻ്റെ കുത്തക അവകാശം ഏറ്റെടുക്കേണ്ട. ലീഗിൻ്റെ ഭരണത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചിട്ടില്ല. പല തവണ കയറി ഇറങ്ങിയെങ്കിലും ഒന്നും തന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.

എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശം. മലപ്പുറം പ്രത്യേക രാജ്യമാണെന്നും, ഈഴവര്‍ക്ക് ജില്ലയില്‍ അവഗണയാണന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. നിങ്ങള്‍ പ്രത്യേക രാജ്യത്തിനിടയില്‍ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വതന്ത്രമായ വായു ശ്വസിച്ചും, അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com