'ചെയ്യേണ്ട കാര്യം ചെയ്യാത്തതാണ് വിധിക്ക് കാരണം'; മുനമ്പം വിഷയത്തില്‍ സർക്കാർ അവധാനതയോടെ ഇടപെട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

മുനമ്പത്തുള്ളവരെ കുടിയൊഴുപ്പിക്കരുതെന്ന് അർഥശങ്കയ്ക്കിടയില്ലാത്ത വിധം പറഞ്ഞതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു
'ചെയ്യേണ്ട കാര്യം ചെയ്യാത്തതാണ് വിധിക്ക് കാരണം'; മുനമ്പം വിഷയത്തില്‍ സർക്കാർ അവധാനതയോടെ ഇടപെട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി
Published on

മുനമ്പം ഭൂമി വിഷയം സർക്കാരിന് മധ്യസ്ഥതയ്ക്ക് വിട്ടുകൊടുത്തതാണെന്നും അവധാനതയോടെ അത് ചെയ്തില്ലെന്നാണ് വിധിയിൽ നിന്ന് മനസ്സിലാക്കുന്നതെന്നും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സർക്കാർ ചെയ്യേണ്ട കാര്യം ചെയ്യാത്തതാണ് വിധിക്ക് കാരണം. അടിയന്തര നടപടി ഇനി എടുക്കേണ്ടതും സർക്കാരാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സർക്കാർ നിയമിച്ച മുനമ്പം ജുഡീഷ്യൽ കമ്മീഷനെ പിരിച്ചുവിട്ട കോടതി ഉത്തരവിന് പിന്നാലെയായിരുന്നു പ്രതികരണം.

മുനമ്പത്തുള്ളവരെ കുടിയൊഴുപ്പിക്കരുതെന്ന് അർഥശങ്കയ്ക്കിടയില്ലാത്ത വിധം പറഞ്ഞതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. നിയമപരമായി മുന്നോട്ടുപോകണോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. കൂടിയാലോചനകളിലൂടെ പരിഹരിക്കാൻ ആവുന്ന പ്രശ്നമായിരുന്നു. സർക്കാർ അത് കേൾക്കാതെ കമ്മീഷനെ വെച്ചുവെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

മുനമ്പം ജുഡീഷ്യൽ കമ്മീഷനെ പിരിച്ചുവിട്ട നടപടിയിൽ ഇനി എന്തു വേണമെന്ന് കോടതി തന്നെ പറയട്ടെയെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാട്. കോടതി ആണല്ലോ നിയമ സാധുത ഇല്ലെന്ന് പറഞ്ഞത്. തുടർന്നുള്ള കാര്യങ്ങളും കോടതി തന്നെ തീരുമാനിക്കട്ടെയെന്ന് എം.വി. ​ഗോവിന്ദൻ പറഞ്ഞു.

മുനമ്പം ജുഡീഷ്യൽ കമ്മീഷന് നിയമ സാധുത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കിയത്. ഭൂപ്രശ്നത്തിൽ തീരുമാനം എടുക്കേണ്ടത് വഖഫ് ബോർഡും ട്രിബ്യൂണലുമാണെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് വിധി പറഞ്ഞത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനം. മുനമ്പം ഭൂമി വിഷയത്തിൽ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിനെതിരായ വഖഫ് സംരക്ഷണ വേദിയുടെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പ്രസക്തമായ വസ്തുതകൾ പരിഗണിക്കാതെയാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാൽ നിയമന ഉത്തരവ് റദ്ദാക്കണമെന്നുമാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ നിരീക്ഷണം. മുൻ കോടതി ഉത്തരവുകളും വിഷയ വഖഫ് ട്രിബ്യൂണലിന്‍റെ പരിഗണനയിലും നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തിലാണെന്ന് നേരത്തെ കോടതി വാക്കാൽ സംശയം ഉന്നയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com