നാൽപ്പത് വർഷം നീണ്ട സംഘർഷത്തിന് വിരാമം; തുർക്കിയുമായി വെടിനിർത്തൽ പ്രഖ്യാപിച്ച് പികെകെ

ഗ്രൂപ്പ് പിരിച്ചുവിടാൻ ജയിലിലുള്ള പികെകെ നേതാവ് അബ്ദുല്ല ഓച്ചലാൻ ആവശ്യപ്പെട്ടതിനെ തുട‍ർന്നാണ് വെടിനി‍ർത്തൽ പ്രഖ്യാപിച്ചത്
നാൽപ്പത് വർഷം നീണ്ട സംഘർഷത്തിന് വിരാമം; തുർക്കിയുമായി വെടിനിർത്തൽ പ്രഖ്യാപിച്ച് പികെകെ
Published on

തു‌ർക്കിയുമായി വെടിനിർത്തൽ പ്രഖ്യാപിച്ച് കു‍ർദിസ്താൻ വ‍‍ർക്കേഴ്സ് പാ‍‌‍‍‍ർട്ടി. ആയുധം താഴെ വയ്ക്കാനും പ്രസ്ഥാനം പിരിച്ചുവിടാനും തീരുമാനമായിട്ടുണ്ട്. ഇതോടെ നാൽപ്പത് വർഷം നീണ്ടു നിന്ന സംഘ‍ർഷത്തിനാണ് വിരാമമാകുന്നത്. ​ഗ്രൂപ്പ് പിരിച്ചുവിടാൻ ജയിലിലുള്ള പികെകെ നേതാവ് അബ്ദുല്ല ഓച്ചലാൻ ആവശ്യപ്പെട്ടതിനെ തുട‍ർന്നാണ് വെടിനി‍ർത്തൽ പ്രഖ്യാപിച്ചത്.

"സമാധാനത്തിനും ജനാധിപത്യ സമൂഹത്തിനുമുള്ള നേതാവ് അപ്പോയുടെ (ഓച്ചലാൻ) ആഹ്വാനത്തിന് വഴിയൊരുക്കുന്നതിനായി ഞങ്ങൾ ഇന്ന് മുതൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നു. ഞങ്ങൾ അദ്ദേഹത്തിൻ്റെ വാക്ക് അതേപടി അംഗീകരിക്കുകയും അത് പിന്തുടരുകയും നടപ്പിലാക്കുകയും ചെയ്യും. ഇങ്ങോട്ട് ആക്രമിക്കപ്പെടാതെ നമ്മുടെ സൈന്യങ്ങളൊന്നും സായുധ നടപടി സ്വീകരിക്കില്ല, " പികെകെ എക്സ്ക്യൂട്ടീവ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

1978ൽ അങ്കാറ സർവകലാശാല വിദ്യാർഥികൾ ആരംഭിച്ച മാർ‌ക്സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനമാണ് പികെകെ. തുർക്കി, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ എന്നിവർ ചേർന്ന് തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ച പികെകെ 1984 മുതൽ തുർക്കിയിലെ 85 ദശലക്ഷം ജനങ്ങളിൽ 20 ശതമാനം വരുന്ന കുർദുകൾക്ക് ഒരു മാതൃഭൂമി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കലാപം തുടരുന്നത്. 1999ൽ ഓച്ചലാൻ ജയിലിലായതിന് ശേഷം പലതവണ വെടിനിൽത്തൽ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. 40000ത്തോളം ജീവനുകളാണ് ഇവർ നടത്തിയിട്ടുള്ള കലാപങ്ങളിൽ പൊലിഞ്ഞിട്ടുള്ളത്.

ജയിലിലുള്ള ഓച്ചലാന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെന്നും പികെകെ ആവശ്യപ്പെട്ടു. "സ്വാതന്ത്ര്യത്തിൽ ജീവിക്കാനും ജോലി ചെയ്യാനും കഴിയണം, അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ ഉൾപ്പെടെ ആഗ്രഹിക്കുന്ന ആരുമായും തടസമില്ലാത്ത ബന്ധം സ്ഥാപിക്കാൻ കഴിയണം," പികെകെ ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com